Administrator
Administrator
നാദാപുരം: വര്‍ഗീയമോ രാഷ്ട്രീയമോ?
Administrator
Monday 25th October 2010 11:19pm

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നാദാപുരത്തും സംഘര്‍ഷം അരങ്ങേറി. നാദാപുരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറിയുമായ സൂപ്പി നരിക്കാട്ടേരി, സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എം.പി. സൂപ്പി എന്നിവര്‍ക്കു നേരെ ബോംബേറുണ്ടായി. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

സംഘര്‍ഷത്തിനിടെ വീണു പരുക്കേറ്റ വെള്ളിലാട്ട് സൂപ്പിയെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണു ഇവര്‍ക്ക് നേരെ ബോംബേറുണ്ടായത്. രണ്ടു സ്റ്റീല്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചു. സൂപ്പി നരിക്കാട്ടേരിയുടെ പുറത്തും എം.പി. സൂപ്പിയുടെ നെഞ്ചിലും വയറിലും ബോംബിന്റെ ചീളുകള്‍ തുളഞ്ഞുകയറി. കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ഇരുവരെയും കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇരുവരും അപകട നില തരണം ചെയ്തിട്ടുണ്ട്.

കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മുതലെടുത്ത് തങ്ങള്‍ക്ക് ആവശ്യമായ മണ്ണൊരുക്കാന്‍ വര്‍ഗീയ സംഘടനകള്‍ ശ്രമം നടത്തുന്നുണ്ട്.

നാദാപുരത്തെ സംഘര്‍ഷങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ഏറെക്കാലമായി ശ്രമം നടന്നുവരുന്നുണ്ട്. വര്‍ഗീയമായ പ്രശ്‌നമല്ല ഇത്

ആശുപത്രി കിടക്കയില്‍ നിന്നും മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സൂപ്പി നരിക്കാട്ടേരി ഡൂള്‍ ന്യൂസിനോട് സംസാരിച്ചു:

‘ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ചേലക്കാട്ടേക്ക് പുറപ്പെട്ടത്. താന്‍ പോകുന്ന കാര്യം പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. സി.പി.ഐ.എം ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് ഞാന്‍ കരുതുന്നില്ല. പാര്‍ട്ടിയിലെ ചിലരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സി.പി.ഐ.എമ്മിന് നിയന്ത്രിക്കാന്‍ കഴിയാത്ത ചിലരാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിന് എതിരെ സി.പി.ഐ.എം നേതാക്കള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ തന്നെ വന്നു കണ്ടിരുന്നു. അവരെല്ലാം ആക്രമണത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

നാദാപുരത്ത് ഏറെക്കാലമായി സമാധാനം തുടരുകയാണ്. ഏറെ ശ്രമം നടത്തിയാണ് ഈ അവസ്ഥയുണ്ടാക്കിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് വേണ്ടി സഹകരിച്ചിട്ടുണ്ട്. ഇപ്പോഴുണ്ടായ ആക്രമണം ആ സമാധാനം തകര്‍ക്കാന്‍ ഇടയാകരുത്. ഒരു തരത്തിലുള്ള ആക്രമണവും നടത്തരുതെന്ന് പാര്‍ട്ടി അണികളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടും അവിടെ തുടര്‍ സംഭവങ്ങളൊന്നും ഉണ്ടാവാതിരുന്നത്.

ആക്രമണത്തില്‍ ആഴത്തിലുള്ള മുറിവേറ്റത് എനിക്കാണ്. എന്നാല്‍ അക്കാര്യം ആരും അറിയാതാരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഐ.സി.യുവില്‍ നിന്ന് നിര്‍ബന്ധ ബുദ്ധിയോടെയാണ് വാര്‍ഡിലേക്ക് മാറിയത്. നാട്ടുകാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുവാനും ശ്രമിച്ചിരുന്നു. കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ആ സമയത്തെ ആവശ്യമായിരുന്നു. ഫോണ്‍കോളുകളെല്ലാം ഞാനാണ് അറ്റന്റ് ചെയ്തത്.

നാദാപുരത്തെ സംഘര്‍ഷങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കാന്‍ ഏറെക്കാലമായി ശ്രമം നടന്നുവരുന്നുണ്ട്. വര്‍ഗീയമായ പ്രശ്‌നമല്ല ഇത്. പാര്‍ട്ടിക്കുള്ളിലുള്ളതും എന്നാല്‍ നേതൃത്വത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ളവരുമാണവര്‍. അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ എല്ലാ കക്ഷികളും തീരുമാനിച്ചിരുന്നു. അതനുസരിച്ച് സി.പി.ഐ.എം നടപടിയെടുക്കുമെന്നാണ് കരുതുന്നത്’.

നാദാപൂരത്തിന്റെ അശാന്തിയുടെ കാരണം തേടിയുള്ള ഡൂള്‍ ന്യൂസ് അന്വേഷണം തുടരും…

Advertisement