തിരുവനന്തപുരം: നാദാപുരം കേന്ദ്രീകരിച്ച് യു.ഡി.എഫ് വന്‍തോതില്‍ ബോംബ് നിര്‍മ്മാണം തുടങ്ങിയിരിക്കയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് യു.ഡി.എഫിന്റെത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി നാദാപുരം സ്‌ഫോടനം ചൂണ്ടിക്കാട്ടി യു.ഡി.എഫിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്. നരിക്കാട്ടേരി സംഭവത്തിലൂടെ പുറത്തായിരിക്കുന്നത് യുഡിഎഫിന്റെ ഗൂഡാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗ് നേതാവിനെതിരായ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനും തിരഞ്ഞെടുപ്പിനിടെ പരക്കെ അക്രമം അഴിച്ചുവിടാനുമാണ് യു.ഡി.എഫ് മുന്‍കൈയ്യില്‍ ലീഗിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയില്‍ ബോംബുനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വട്ടക്കാട്ടില്‍ മീത്തലിലെ അണിയാറകുന്നുമ്മല്‍ മറിയത്തിന്റെ പറമ്പില്‍ ഇന്നലെ രാത്രിയാണ് സ്‌ഫോടനമുണ്ടായത്.

മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ പുത്തേരിടത്ത് മൊയ്തുവിന്റെ റഫീഖ് (30), ചെറിയതയ്യില്‍ ഹംസയുടെ മകന്‍ ഷെമീര്‍ (29), ചാലില്‍ മമ്മുഹാജിയുടെ മകന്‍ റിയാസ് (35) കരയത്ത് മൂസയുടെ മകന്‍ ഷബീര്‍ (21), വലിയപീടികയില്‍ അബ്ദുള്ളയുടെ മകന്‍ സബീര്‍ എന്നിവരാണ് മരിച്ചത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അവിടെത്തുന്നതിനുമുമ്പുതന്നെ മരിക്കുകയായിരുന്നു.

പരിക്കേറ്റ അജിനാസ് പൂവുള്ളതില്‍, സബീല്‍ പൂവുള്ളത്ത്, റിയാസ് (25) എന്നിവരെ കോഴിക്കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.പോലീസ് എത്തുന്നതിനുമുമ്പ് പരിക്കേറ്റവരില്‍ ചിലരെ സ്ഥലത്തുനിന്നും മാറ്റിയിരുന്നു. ബാക്കിയുള്ളവരെ പോലീസ് എത്തിയശേഷമാണ് ആശുപത്രികളില്‍ കൊണ്ടുപോയത്.

ആളൊഴിഞ്ഞ വീട്ടിനടുത്താണ് സ്‌ഫോടനം നടന്നത്. കുന്നിന്‍പ്രദേശമായതിനാല്‍ സ്‌ഫോടനവിവരം പുറത്തറിയാന്‍ വൈകി. നിര്‍മിച്ച ബോംബ് എടുത്തുകൊണ്ടുപോകുന്നതിനിടയിലാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന.

ഇവിടെ നിന്ന് അഞ്ച് സ്റ്റീല്‍ ബോംബുകളുടെ അവശിഷ്ടങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു. കൂടാതെ സ്‌ഫോടനസ്ഥലത്തുനിന്ന് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ നാല് ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സി.പി.എംയു.ഡി.എഫ്. സംഘര്‍ഷം നിലനില്‍ക്കുന്ന കല്ലാച്ചി ടൗണിനടുത്ത് പയന്തോങ്ങിന്റെ സമീപ പ്രദേശമാണ് നരിക്കാട്ടേരി. പയന്തോങ്ങില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അക്രമസംഭവങ്ങളില്‍ പതിമൂന്ന് വീടുകള്‍ക്ക് നാശം സംഭവിച്ചിരുന്നു. ബോംബാക്രമണത്തിനിരയായ വീടുകളില്‍ എട്ടെണ്ണം ലീഗ് അനുഭാവികളുടെയും മൂന്നെണ്ണം സി.പി.ഐ. എം. അനുഭാവികളുടെയും ഒന്നു കോണ്‍ഗ്രസ് അനുഭാവിയുടേതും ആണ്. പ്രദേശത്തു നടത്തിയ തിരച്ചലില്‍ പത്ത് പൈപ്പ് ബോംബുകള്‍ പോലീസ് ശനിയാഴ്ച പിടികൂടിയിരുന്നു.