തിരുവനന്തപുരം: ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് നാദാപുരത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

രാത്രി 10 മണിക്ക് ശേഷം നാദാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ബൈക്ക് യാത്ര നിരോധിച്ചിട്ടുണ്ട്. പോലീസിന് പൂര്‍ണ്ണമായും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുക, അക്രമ സംഭവങ്ങളുണ്ടാകുമ്പോള്‍ പരസ്പര ആരോപണം ഉന്നയിക്കാതെ അക്രമത്തിന്റെ വേര് കണ്ടെത്താന്‍ ശ്രമിക്കുക, നാദാപുരത്ത് സമാധാന റാലി സംഘടിപ്പിക്കുക എന്നിവയാണ് യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍. സമാധാന റാലിയില്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുക്കും.

അതേസമയം ബോംബ് സ്‌ഫോടനത്തെക്കുറിച്ച് പോലീസിലെ പ്രത്യേക സംഘം അന്വേഷിക്കും. െ്രെകബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല. ബോംബ് നിര്‍മ്മാണം,ഗൂഢാലോചന എന്നിവയാണ് അന്വേഷിക്കുക. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

ആയുധങ്ങളുടെ ഉറവിടം, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

നാദാപുരത്ത് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി അഞ്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. നിര്‍മ്മിച്ച ബോംബ് മാറ്റുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.