കോഴിക്കോട്: നാദാപുരം ചേലക്കാട്ട് അക്രമം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു വീട് കത്തിക്കുക്കയും ചില വീടുകള്‍ക്കുനേരേ ബോംബേറുണ്ടാവുകയും ചെയ്തു. പോലീസ് റെയ്ഡില്‍ 10 ബോംബുകളും ബോംബ് നിര്‍മിക്കുന്ന ഫ്യൂസ് വയറും കണ്ടെടുത്തു. ചേലക്കാട്ടെ പറമ്പന്റവിട കുമാരന്റെ വീടാണ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ കത്തിച്ചത്.

കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ മുകളില്‍ ഓലമേഞ്ഞ മുറിക്കാണു തീവച്ചത്. വീടിന്റെ ചുമരില്‍ വലിയതോതില്‍ വിള്ളല്‍ വന്നിട്ടുണ്ട്. പത്തുലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവസ്ഥലത്തു വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. അക്രമിസംഘം മണിക്കൂറുകളോളം ഈ വീട്ടില്‍ ചെലവഴിച്ചെന്നാണ് പോലീസ് നിഗമനം.

ഈ സംഭവത്തിനു ശേഷമാണു തൊട്ടടുത്ത ബാലന്റെ വീടിനു ബോംബെറിഞ്ഞതെന്നു സംശയിക്കുന്നു. ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന ഇവിടെയും ചുമരിനു വിള്ളലുമുണ്ടായി. കോണ്‍ക്രീറ്റിനു കേടുപറ്റി. ഇന്നലെ രാവിലെയാണു ചേലക്കാട് മേല്‍ചാളയില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തിയതിനിടയിലാണു ബോംബുകള്‍ കണ്ടെടുത്തത്. കാടുപിടിച്ച പറമ്പിനിടവഴിയില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു 9 നാടന്‍ ബോംബുകള്‍. ആളൊഴിഞ്ഞ പറമ്പിന്റെ ഇടവഴിയില്‍നിന്നാണു സ്റ്റീല്‍ ബോംബ് ലഭിച്ചത്. നാടന്‍ ബോംബുകള്‍ പുതിയതാണ്. എന്നാല്‍ സ്റ്റീല്‍ ബോംബിന് പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു. പെട്ടെന്ന് എടുത്തു പ്രയോഗിക്കാന്‍ പാകത്തില്‍ പലസ്ഥലത്തും ബോംബ് ശേഖരിച്ചുവച്ചതാണെന്നു സംശയിക്കുന്നു.

തിങ്കാളാഴ്ച രാത്രി വൈകി മുസ്ലിം യൂത്ത്‌ലീഗ് ശാഖസെക്രട്ടറി എന്‍.കെ. മുജീബിന്റെ വീടിനു കല്ലെറിഞ്ഞു നാശനഷ്ടം വരുത്തിയിരുന്നു. സമാധാന സ്‌ക്വാഡ് അംഗമായി മുജീബിനു കഴിഞ്ഞ ദിവസം മര്‍ദനം ഏല്‍ക്കുകയും ചെയ്തിരുന്നു.

ചിക്കയില്‍ റോഡില്‍ ബോംബെറിഞ്ഞതിനേത്തുടര്‍ന്നു സമാധാന സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ നേതാക്കള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു പോകുമ്പോഴാണ് അക്രമം. സംഘര്‍ഷം മുറുകിയതിനേത്തുടര്‍ന്നു പോലീസ് നടപടികള്‍ ശക്തമാക്കി. രാത്രി 7മണിക്കു കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റൂറല്‍ എസ്.പി. നീരജ്കുമാര്‍ ഗുപ്ത ഡിവൈ.എസ്.പി: വി. വാഹിദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തുണ്ട്.