Categories

നാദാപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട്: നാദാപുരത്ത് വ്യാപക ആക്രമണവും ബോംബേറും. ഇന്നലെ രാത്രി മുതല്‍ ഇന്നു പുലര്‍ച്ചെ അഞ്ച് മണി വരെ ഒമ്പത് വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. ആറ് ലീഗുകാരുടെയും രണ്ട് സി.പി.എം പ്രവര്‍ത്തകരുടെയും ഒരു കോണ്‍ഗ്രസുകാരന്റെയും വീടുകളാണ് ബോംബെറിഞ്ഞ് തകര്‍ത്തത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

കഴിഞ്ഞദിവസം ഒരു ചുവരെഴുത്തുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നാദാപുരം ടൗണില്‍ ‘ഗ്രീന്‍ ടൗണ്‍’ എന്ന പേരില്‍ ചുവരെഴുത്ത് നടത്താനൊരുങ്ങിയ ലീഗ് പ്രവര്‍ത്തകരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. പരിക്കേറ്റ ഒരു ലീഗ് പ്രവര്‍ത്തകന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ബോര്‍ഡ് നശിപ്പിക്കപ്പെട്ടു.

സംഭവത്തില്‍ സ്ഥലത്തില്ലാത്ത ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തുവെന്ന് ആരോപണമുണ്ട്. ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാത്രി വീണ്ടും സംഘര്‍ഷമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ ബോംബേറുണ്ടായത്. പകരത്തിന് പകരമെന്നോണം അക്രമികള്‍ സംഘടിച്ചെത്തി വിവിധ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമണം നടത്തുകയായിരുന്നു.

പ്രദേശത്തെ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകരായ 19 പേരെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടകര റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ സംഘത്തെ സംഘര്‍ഷമേഖലയില്‍ വിന്യസിച്ചു. പൊലീസ് വ്യാപകമായി റെയ്ഡുകളും മറ്റും നടത്തിയാണ് സംഘര്‍ഷം തെല്ലൊന്ന് ശമിപ്പിച്ചത്. വല്യാപ്പള്ളി റോഡ് മഠത്തിപ്പറമ്പ് കനാലിന്റെ അടിഭാഗത്ത് നിന്ന് 10 പൈപ്പ് ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്.

മൊട്ടേമ്മല്‍ അനൂപ്, അത്തിയോറേമ്മല്‍ പോക്കര്‍, പരോത്ത് കണ്ടി ഹമീദ്, കണ്ണോത്ത് പുതിയോട്ടില്‍ നൂറുദ്ദീന്‍, മീത്തലെ ഇല്ലത്ത് ഹമീദ്, ഇല്ലിക്കല്‍താഴെകുനി റിയാസ്, ചെക്കിക്കുന്ന് രാജേഷ്, മലോല്‍ഷാജി, മൊട്ടേമ്മല്‍ ഇമ്പിച്ചിതങ്ങള്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.

ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ ആര്‍ക്കും പരുക്കുകളുള്ളതായി അറിവില്ലെന്നും ഇത്തരം പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും നാദാപുരം പൊലീസ് അറിയിച്ചു. ഇമ്പിച്ചി തങ്ങളുടെ വീടിന്റെ മേല്‍ക്കൂരയ്ക്കും ചുമരിനും കേടുസംഭവിച്ചു. സി.പി.എം.പ്രവര്‍ത്തകന്‍ ഷാജിയുടെ വീടിന് കേടുപാട് ഉണ്ടായി.

അക്രമം തുടരുന്നതിനിടയില്‍ ഇന്നലെ രാത്രി 10. 45 ഓടെ കാര്‍ത്തികപ്പള്ളിയില്‍ ബാംഗ്‌ളൂരിലെ വ്യാപാരിയായ അബ്ദുള്‍ റഷീദിന്റെ കാറിന് നേരെ ആക്രമണമുണ്ടായി. കാര്‍ ഗ്ലാസുകള്‍ മുഴുവനായും അക്രമികള്‍ അടിച്ചുതകര്‍ത്തു.

പ്രദേശത്ത് സമാധാനക്കമ്മിറ്റി നിലവിലുണ്ടെങ്കിലും അവരെ നോക്കുകുത്തിയാക്കിയാണ് സംഘര്‍ഷം അരങ്ങേറുന്നത്. നാദാപുരത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ ഔദ്യോഗികമായല്ല സംഘര്‍ഷത്തിന് തുടക്കമിടുന്നതെങ്കിലും അക്രമികളെ പാര്‍ട്ടികള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇരുപക്ഷത്തും വര്‍ഗ്ഗീയ ശക്തികള്‍ മുതലെടുപ്പ് നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഫണ്ട് പിരിവിന്നും മറ്റുമാണ് പ്രദേശത്തെ തുടര്‍ച്ചയായി സംഘര്‍ഷബാധിതമാക്കി നിലനിര്‍ത്തുന്നതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.