നാദാപുരം: നരിക്കാട്ടേരിയില്‍ അഞ്ച് പേര്‍ മരിക്കാടിനയായ സ്‌ഫോടനത്തില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍. മുസ് ലിം ലീഗ് ശാഖാ വൈസ്പ്രസിഡന്റ് ഈറ്റോടി കുഞ്ഞമ്മദ് ആണ് അറസ്റ്റിലായത്. കേസന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. വടകര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്. കഴിഞ്ഞ 21ന് ഇസ്മാഈല്‍ എന്നയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ബോംബ് നിര്‍മ്മിക്കുമ്പോള്‍ ഇസ്മാഈല്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കേസുമായി ബന്ധപ്പെട്ട് 100 ഓളം പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകഴിഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേണം നടക്കുന്നത്.

ഫെബ്രുവരി 26നാണ് നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയില്‍ ബോംബുനിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.