പാരിസ്: സെര്‍ബ് താരം നൊവാക് ഡോക്കോവിക്കിന്റെ കുതിപ്പിന് തടയിട്ട് റോജര്‍ ഫെഡറര്‍ റോളണ്ട് ഗാരോസില്‍ ഫൈനലില്‍ കടന്നു. രണ്ടാം നമ്പര്‍ താരമായ ഡോക്കോവിക്കിനെ 7-6,(7-5),6-3, 3-6,7-6 (7-5) സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്വിസ് താരം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

അഞ്ചുവട്ടം ചാമ്പ്യനും ചിരവൈരിയുമായ റഫേല്‍ നദാലിനെയാണ് ഫെഡറര്‍ ഫൈനലില്‍ നേരിടുക. തുടര്‍ച്ചയായ 41 മല്‍സരങ്ങള്‍ ജയിച്ചതിന്റെ കരുത്തുമായെത്തിയ ഡോക്കോവിക്കിന് കാര്യങ്ങള്‍ അത്ര എളുപ്പമായില്ല. മികച്ച സെര്‍വ്വുകള്‍ പുറത്തെടുത്ത് മുന്നേറിയ സ്വിസ് താരം തന്റെ ഫോമിന് കുറവൊന്നും വന്നിട്ടില്ലെന്ന് അടിവരയിടുന്ന പ്രകടനമാണ് നടത്തിയത്.

ബ്രിട്ടിന്റെ ആന്‍ഡി മുറേയെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. സ്‌കോര്‍ 6-4,7-5,6-4. 2008ലെ യു.എസ് ഓപ്പണ്‍ ഫൈനലിലും കഴിഞ്ഞവര്‍ഷത്തെ മെല്‍ബണ്‍ പാര്‍ക്ക് ഫൈനലിലും നദാല്‍ മുറേയെ തകര്‍ത്തിരുന്നു.