മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായി കായിക സംഘടനയുടെ തലപ്പത്ത് ഇന്ന് അഴിച്ചുപണി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബി.സി.സി.ഐ.) പുതിയ പ്രസിഡണ്ടായി നിലവിലെ സെക്രട്ടറി എന്‍. ശ്രീനിവാസനും, സെക്രട്ടറിയായി നിലവിലെ ജോയന്റ് സെക്രട്ടറിയായ സജ്ജയ് ജഗദലയും സ്ഥാനമേറ്റേക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ആക്ടിംഗ് ചെയര്‍മാനായ ചിരായു അമീനുപകരം കേന്ദ്രമന്ത്രിയും ബി.സി.സിഐ. വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ല ഐ.പി.എല്‍. ചെയര്‍മാനാകും. തിങ്കളാഴ്ച മുംബൈയില്‍ നടക്കുന്ന ബി.സി.സി.ഐ.യുടെ 82ാം വാര്‍ഷിക യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്ദ്യോഗിക പ്രഖ്യാപനമുണ്ടാവും.

സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ശശാങ്ക് മനോഹറിന് പകരമാണ് എന്‍. ശ്രീനിവാസന്‍ ചുമതലയേല്‍ക്കുക. 2008ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ശശാങ്ക് മനോഹറിന്റെ കീഴില്‍ സെക്രട്ടറിയായി ശ്രീനിവാസന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ശരത്പവാര്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ ട്രഷററായിരുന്നു ശ്രീനിവാസന്‍.

ചെന്നൈ ആസ്ഥാനമായ വ്യവസായിയായ ശ്രീനിവാസന്‍ ബി.സി.സി.ഐയുടെ 30ാമത്തെ പ്രസിഡന്റാണ്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുകൂടിയായ ശ്രീനിവാസന്റെ ഉടമസ്ഥതയില്ലുള്ളതാണ് ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ്.

പുതിയ സെലക്ഷന്‍ കമ്മിറ്റിയേയും ഇന്ന് തെരഞ്ഞെടുക്കും. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിലേക്കുപോയ ഇന്ത്യന്‍ ടീം സമ്പൂര്‍ണ പരാജയവുമായി മടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണമാചാരി ശ്രീകാന്ത് ചെയര്‍മാനായുള്ള നിലവിലെ സെലക്ഷന്‍ കമ്മറ്റിയെ മാറ്റും ഏന്നുള്ള കാര്യം തീര്‍ച്ചയാണ്.