തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിലെ എന്‍.ശക്തനെ തെരഞ്ഞെടുത്തു. ശക്തന് അനുകൂലമായി 73 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ സി.പി.ഐയിലെ ഇ.എസ് ബിജിമോള്‍ക്ക് 67 വോട്ട് ലഭിച്ചു.

ധര്‍മടം എം.എല്‍.എ കെ.കെ.നാരായണന്‍ അനാരോഗ്യത്തെത്തുടര്‍ന്ന് വോട്ടു ചെയ്യാതിരുന്നപ്പോള്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ വോട്ടു ചെയ്തു. രഹസ്യ ബാലറ്റ് വഴിയായിരുന്നു തിരഞ്ഞെടുപ്പ്.

കാട്ടാക്കടയില്‍ നിന്നുള്ള നിയമസഭാംഗമായ ശക്തന്‍ മുന്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. സ്പീക്കറെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് പതിമൂന്നാം നിയമസഭയുടെ പ്രോടെം സ്പീക്കറായും ശക്തന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ന് ചോദ്യോത്തരവേളയ്ക്ക് ശേഷം രാവിലെ 9.30 ഓടെ ശൂന്യവേളയിലായിരുന്നു തിരഞ്ഞെടുപ്പ്.