ചങ്ങനാശേരി: എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ.നാരായണപ്പണിക്കര്‍ അന്തരിച്ചു. ഉച്ചയ്ക്ക് 2.10ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം.81 വയസ്സായിരുന്നു.

28 വര്‍ഷമായി എന്‍.എസ്.എസ് പ്രസിഡന്റായിരുന്ന ഇദ്ദേഹം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സജീവപ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. 1983 ല്‍ എന്‍.എസ് എസ് ജനറല്‍ സെക്രട്ടറിയായും 1977 ല്‍ ട്രഷറര്‍ ആയും സേവനമനുഷ്ഠിച്ചിരുന്നു. മന്നത്ത് പദ്മനാഭനുശേഷം ഏറ്റവും കൂടുതല്‍കാലം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് നാരായണ പണിക്കര്‍.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സകഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുകയായിരുന്നു. ശവസംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഭൗതികദേഹം രാവിലെ പത്തുമുതല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. എന്‍.എസ്.എസ്സിന്റെ സ്ഥാപനങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

മന്നത്തു പത്മനാഭനുശേഷം കൂടുതല്‍ കാലം ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ച വ്യക്തിയാണ് പണിക്കര്‍. മന്നത്തിനെപ്പോലെ വക്കീല്‍പ്പണി ഉപേക്ഷിച്ചായിരുന്നു പണിക്കരും സമുദായ സേവനത്തിനിറങ്ങിയത്.  ജനറല്‍ സെക്രട്ടറി കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള 1983ല്‍ സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി നിയമിതനായതിനെ തുടര്‍ന്നായിരുന്നു പണിക്കര്‍ നേതൃപദവിയിലേക്കുയര്‍ത്തപ്പെട്ടത്.

മന്നത്ത് പത്മനാഭന്‍, കൊണ്ടൂര്‍ കൃഷ്ണപിള്ള, എം.പി. മന്മഥന്‍, മക്കപ്പുഴ വാസുദേവന്‍പിള്ള, കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, ആര്‍.പി. നായര്‍ (കുറച്ചുനാള്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു) എന്നിവര്‍ക്കുശേഷം എന്‍.എസ്.എസ്സിന്റ അമരക്കാരന്‍ എന്ന നിലയില്‍ പണിക്കര്‍ എത്തിയത് ട്രഷറാര്‍ എന്ന നിലയില്‍ ഏഴുവര്‍ഷക്കാലത്തെ അനുഭവ സമ്പത്തുമായിട്ടായിരുന്നു.

Malayalam news

Kerala news in English