തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്. മുന്നോക്ക വിഭാഗങ്ങളിള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുകയാണെന്നും എന്‍.എസ്. എസ്. പ്രമേയത്തില്‍ പറയുന്നു.

മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം വേണമെന്ന ആവശ്യം സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണ്‌ അരനൂറ്റാണ്ടായി എന്‍.എസ്.എസ് ഈ ആവശ്യം ഉന്നയിക്കുന്നു. ഭരണഘടന അനുവദിക്കുന്നില്ലെന്ന മുടന്തന്‍ന്യായമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.

2012-2013 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരണത്തിനായി മുന്നോടിയായി പാസ്സാക്കിയ ഒരു പ്രമേയത്തിലാണ് എന്‍.എസ്.എസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണെന്നും അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയത് സാമുദായിക അസന്തുലിതാവസ്ഥ പരിഹരിക്കാതെയാണെന്നും പ്രമേയം പറയുന്നു.

ഭൂരിപക്ഷ സമുദായത്തെ സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണ്. അധ്യാപക ബാങ്ക് രൂപീകരണം സര്‍ക്കാര്‍ റദ്ദാക്കണം. അധ്യാപകബാങ്കില്‍ ഉള്‍പ്പെട്ടവര്‍ നിയമവിരുദ്ദമായി നിയമനം ലഭിച്ചവരാണ്. പാക്കേജ് എയ്ഡഡ് വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ക്ക് ദോഷകരമാണ്. നിയമവിരുദ്ധ നിയമനങ്ങള്‍ എന്‍.എസ്.എസ് നടത്തിയിട്ടില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

നിലവിലുള്ള ഭൂരിപക്ഷ വിഭാഗത്തിന്റെ കണ്ണില്‍ പൊടിയിട്ട് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നിയമനാവകാശം തടഞ്ഞിരിക്കുകയാണെന്നും എന്‍.എസ്.എസ് പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം പരാജയത്തിന്റെ പടുകുഴിയിലേക്കാണ് യു.ഡി.എഫ് സര്‍ക്കാര്‍ പോകുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അഞ്ചാം മന്ത്രി യു.ഡി.എഫിന്‍െ നാശത്തിനാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ വകുപ്പുകളില്‍ ഏറ്റവും മോശം വിദ്യാഭ്യാസ വകുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.എസ്.എസ് ബജറ്റ് അവതരിപ്പിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കരയിലെ വിജയം സര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമല്ലെന്നും  സാമുദായിക ധ്രുവീകരണമാണ് സര്‍ക്കാരിന് നെയ്യാറ്റിന്‍കരയില്‍ വിജയം നേടിക്കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.