എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ മറീനുകളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യും
എഡിറ്റര്‍
Thursday 7th November 2013 12:16am

enrica-lexie

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ മറീനുകളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യും. സാക്ഷികള്‍ ഇന്ത്യയിലേക്ക് വരാന്‍ വിസമ്മതിച്ചതിനാലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യാന്‍  എന്‍.ഐ.എ തീരുമാനിച്ചത്.

എന്‍.ഐ.എ യെ ഇറ്റലിയിലേക്ക് അയക്കില്ലെന്ന് ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. റോമിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വച്ചാവും ചോദ്യം ചെയ്യല്‍. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ഏഴ് മാസമായി സാക്ഷിമൊഴി ലഭിക്കാതിരുന്നതിനാല്‍ എന്‍.ഐ.എ സംഘത്തിന് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്ന് വെടിയുതിര്‍ത്ത രണ്ട് നാവികര്‍ക്കൊപ്പം ഉണ്ടായിരുന്നവരാണ് സാക്ഷികളായ നാല് നാവികര്‍. നാവികരെ ഇറ്റലിയിലെത്തി ചോദ്യം ചെയ്യുകയോ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യുകയോ ചോദ്യാവലിയിലൂടെ വിവരങ്ങള്‍ ആരായാനോ ആണ് ഇറ്റലി നിര്‍ദ്ദേശിച്ചത്.

ഇവരെ ഇന്ത്യക്ക് കൈമാറിയാല്‍ അഭ്യന്തര രാഷ്ട്രീയത്തില്‍ പ്രശ്‌നമുണ്ടാകും എന്നതിനാലാണ് കൈമാറാത്തതെന്നുമായിരുന്നു ഇറ്റലിയുടെ വാദം. കേസിലെ പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികര്‍ ഇപ്പോള്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയിലാണ് കഴിയുന്നത്.

Advertisement