എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊലക്കേസ്: നാവികരുടെ വാദം എന്‍.ഐ.എ എതിര്‍ത്തു
എഡിറ്റര്‍
Wednesday 8th January 2014 5:43pm

italian3

ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ഇറ്റാലിയന്‍ നാവികരുടെ അപേക്ഷയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) എതിര്‍ത്തു.

കുറ്റപത്രം ചുമത്തിയിട്ടില്ലാത്തതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നാവികരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ നാവികരുടെ ആവശ്യത്തെ എന്‍.ഐ.എക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലുത്ര ശക്തമായി എതിര്‍ത്തു.

കുറ്റപത്രം ചുമത്താത്തത് കോടതിയില്‍ ഹാജരാകാതിരിക്കാന്‍ കാരണമല്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് സിദ്ധാര്‍ഥ് ലുത്ര എതിര്‍വാദമുന്നയിച്ചത്. ഇന്ന് ഹാജരാകുന്നതില്‍ നിന്ന് നാവികരെ ഒഴിവാക്കാന്‍ കോടതി അനുമതി നല്‍കി. കേസ് ജനുവരി 30ന് വീണ്ടും പരിഗണിക്കും.

കൊല്ലം തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ കടന്നുപോവുകയായിരുന്ന എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ ഉദ്യോഗസ്ഥരായിരുന്ന ലെസ്‌തോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നീ നാവികര്‍ അറസ്റ്റിലായത്.

സംഭവത്തില്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ നയതന്ത്രവിള്ളല്‍ രൂപപ്പെടാനുള്ള ഒട്ടേറെ സംഭവങ്ങള്‍ രൂപപ്പെട്ടിരുന്നു. 2012 ല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ ഇറ്റലിയേക്ക് പോകാന്‍ നാവികര്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.

എന്നാല്‍ നാട്ടിലെത്തിയശേഷം ഇവരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി ഇന്ത്യയെ അറിയിച്ചെങ്കിലും സുപ്രിംകോടതിയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് നാവികരെ ഇന്ത്യയിലേക്ക് തന്നെ അയക്കുകയാണുണ്ടായത്.

Advertisement