Categories

സുനന്ദയുടെ മരണം:അന്വേഷണം അവസാനിക്കുന്നതുവരെ തരൂര്‍ മന്ത്രിപദവിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എന്‍.സി.പി

tharoor

ന്യൂദല്‍ഹി:  ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണം അവസാനിക്കുന്നതുവരെ കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ മന്ത്രി പദവിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എന്‍.സി.പി.

തങ്ങളെല്ലാം ഈ വിഷമത്തില്‍ ശശി തരൂരിനൊപ്പമുണ്ടെന്നും എന്നാല്‍ ആരോപണങ്ങള്‍ ഗൗരവമേറിയതായതിനാല്‍ തരൂര്‍ മന്ത്രിസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കണമെന്നും എന്‍.സി.പി വക്താവ് ഡി.പി തൃപാതി പറഞ്ഞു.

കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി.

കേന്ദ്രത്തില്‍ മാനവവിഭവശേഷി സഹമന്ത്രിയാണ് ശശിതരൂര്‍. ഇന്നലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ കോണ്‍ഗ്രസ് വക്താക്കളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ ശശി തരൂരിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.

വെള്ളിയാഴ്ച്ചയാണ് സുനന്ദ പുഷ്‌കറിനെ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിത മരുന്നുപയോഗം മൂലമുണ്ടായ വിഷബാധയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പന്ത്രണ്ടിലധികം മുറിവുകളും സുനന്ദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇവ മരണകാരണമല്ലെങ്കില്‍ക്കൂടിയും തരൂരുമായുള്ള പിടിവലിക്കിടെയുണ്ടായതാണെങ്കില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കും.

ഇതിനിടെ തരൂര്‍ രാജി വക്കണമെന്ന ആവശ്യവും അഭ്യൂഹവും അനാവശ്യമാണെന്നും ഇപ്പോള്‍ അങ്ങനെ ഒരു ആലോചനയില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം  പ്രതികരിച്ചിരുന്നു.

കേസെടുത്താല്‍ ശശി തരൂര്‍ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വയ്ക്കണം എന്ന ആവശ്യം കൂടുതല്‍ ശക്തമാവും. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഇന്നലെ ഉത്തരവിട്ടിരുന്നു.