കൊച്ചി: ഇടമനയില്ലത്ത് എന്‍. ബാലമുരളിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ആറ്റുകാല്‍ കോറമംഗലത്ത് ടി.കെ. ഈശ്വരന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി.

ഇന്ന് രാവിലെ ഉഷപൂജക്കുശേഷം നടന്ന ചടങ്ങിലാണ് മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കുന്നതിന് പത്തുപേരടങ്ങുന്ന പട്ടികയാണ് തയ്യാറാക്കിയിരുന്നത്. ഇതില്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു ബാലമുരളി.

പന്തളം വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മ്മരാജ പ്രതിനിധികളായി അയച്ച പന്തളം വടക്കെ കൊട്ടാരത്തിലെ 9 വയസ്സുകാരനായ സൗരവ് എസ്. വര്‍മ്മയാണ് മേല്‍ശാന്തിയെ തിരഞ്ഞെടുത്തത്. പത്തുപേരുടെ നറുക്ക് അടപ്പുള്ള ഒരു വെള്ളിക്കിണ്ണത്തിലും 9 ശൂന്യ പേപ്പറുകളും മേല്‍ശാന്തി എന്നെഴുതിയ പേപ്പറും മറ്റൊരു വെളളിക്കിണ്ണത്തിലും അടക്കം ചെയ്തശേഷം ദേവസ്വം ഭാരവാഹികള്‍ തന്ത്രി കണ്ഠരര് മഹേശ്വരരെ ഏല്പിച്ചു. ശ്രീകോവിലില്‍ അയ്യപ്പ വിഗ്രഹത്തിന് മുന്‍പില്‍ വച്ച് വെള്ളിക്കിണ്ണങ്ങള്‍ പൂജിച്ച് കര്‍പ്പൂരാരതി ഉഴിഞ്ഞശേഷമാണ് നറുക്കെടുപ്പ് നടന്നത്. ഏഴാമത്തെ നറുക്കിലാണ് എസ്. ബാലമുരളി എന്ന പേരും മേല്‍ശാന്തി എന്ന പേരും വന്നത്.

തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിലെ നറുക്കെടുപ്പ് നടന്നു. പന്തളം കൊട്ടാരത്തിലെ ആറുവയസ്സുകാരി ഗൗതമി ജി. വര്‍മ്മയാണ് മാളികപ്പുറത്തെ നറുക്ക് എടുത്തത്. പതിമൂന്ന് പേരടങ്ങുന്ന ലിസ്റ്റിലെ ആറാമനായിരുന്ന ടി. കെ ഈശ്വരന്‍ നമ്പൂതിരിക്ക് നറുക്ക് വീണത് അവസാന ഊഴത്തിലാണ്.

നിയുക്ത മേല്‍ശാന്തിമാര്‍ നവംബര്‍ 16ന് ഒരു വര്‍ഷത്തെ പുറപ്പെടാ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും.