എഡിറ്റര്‍
എഡിറ്റര്‍
എന്‍.എ.പി.എം ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു
എഡിറ്റര്‍
Saturday 17th November 2012 11:46am

തൃശൂര്‍: നാഷണല്‍ അലൈന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ നടക്കുന്ന ദേശീയ കണ്‍വെന്‍ഷന്‍ തമിഴ്‌നാട്ടിലെ പ്രശ്‌സ്ത സാമൂഹിക പ്രവര്‍ത്തക ലീലാവതി ഉദ്ഘാടനം ചെയ്തു.

അതിന് ശേഷം ചാമ്പമരം നട്ട് പരിസ്ഥിതി പ്രവര്‍ത്ത മേധാ പട്ക്കറും അന്വേഷി പ്രസിഡന്റ് കെ.അജിതയും ചടങ്ങിന് തുടക്കം കുറിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ബിനായക് സെന്‍, അലി മണിക്ഫാന്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Ads By Google

ജനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത ഭരണകൂടമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്ന് ബിനായക് സെന്‍ പറഞ്ഞു. മണിപ്പൂരിലെ ഇറോം ശര്‍മിള വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാര സമരത്തിന് നേരെ മുഖംതിരിച്ചുനില്‍ക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഭരണത്തിലിക്കുന്നവര്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിന്റെ വികസനം ഏറെ മാറേണ്ടതുണ്ടെന്നും ഇതിന് ബദല്‍ സംവിധാനം അനിവാര്യമാണെന്നും മേധാപട്കര്‍ പറഞ്ഞു. ഭരണഘടനയില്‍ മൗലിക അവകാശത്തെ കുറിച്ച് പറയുന്നുണ്ട്.മൗലികഅവകാശത്തിന് അപ്പുറം മനുഷ്യാവകാശത്തിന് പ്രാധാന്യം നല്‍കണമെന്നും അവര്‍ പറഞ്ഞു. ഇന്ന്‌ ഭരണത്തിലിക്കുന്ന ആരും സാധാരണക്കാരന്റെ വേദനയോ പ്രശ്‌നങ്ങളോ മനസിലാക്കുന്നില്ല.

അധികാരത്തിലെത്തുന്നതുവരെ ജനങ്ങള്‍ക്കിടയില്‍ നിന്ന് അധികാരത്തിലെത്തിയതിന് ശേഷം ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തവരായി ഭരണാധികാരികള്‍ മാറുന്നു.

കേരളത്തില്‍ കര്‍ഷക ആത്മഹത്യപോലുള്ള കാര്യങ്ങള്‍ നടക്കുമ്പോഴും എമേര്‍ജിങ് കേരളപോലുള്ള വന്‍കിട വ്യവസായങ്ങള്‍ ചെയ്യാനാണ് സര്‍ക്കാരിന് താത്പര്യം.

സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാതെ എന്ത് വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്നും കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കാതെ വിദേശനിക്ഷേപം കൊണ്ട് വന്നിട്ട് എന്ത് കാര്യമാണുള്ളതെന്നും അവര്‍ ചോദിച്ചു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തെ തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്ന് കെ.അജിത പറഞ്ഞു. പുരുഷനൊപ്പം തന്നെ പ്രാധാന്യം സ്ത്രീയ്ക്കും ലഭിക്കണം.അങ്ങനെയുള്ള സമൂഹത്തിന് മാത്രമേ കെട്ടുറപ്പുണ്ടാവുകയുള്ളൂ എന്നും പറഞ്ഞു.

സ്ത്രീകളെ വെറും ആഡംബരത്തിനും മറ്റുപലതിനും ഉപയോഗിക്കുന്ന സമൂഹമാണ് ഇന്നത്തേത്. ടൂറിസത്തിന് പ്രാധാന്യം നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ അതില്‍ തന്നെ മുഖ്യപ്രാധാന്യം നല്‍കുക സെക്‌സ് ടൂറിസത്തിനായിരിക്കും. സെക്‌സിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹമായി ഇന്നത്തെ ലോകം മാറിക്കഴിഞ്ഞെന്നും അവര്‍ വ്യക്തമാക്കി.

ലോകത്ത് സമാധാനവും സാഹോദര്യവും ഇല്ലാതായെന്നും ആഢംബരത്തിന്റെ പിറകെ പോകുന്ന ആളുകള്‍ സ്വന്തം കുടുംബത്തെയും കുട്ടികളേയും പോലും മറക്കുകയാണെന്നും അലി മണിക്ഫാന്‍ പറഞ്ഞു.

ജീവിതത്തില്‍ ഇത്തരത്തില്‍ ഒറ്റപ്പെട്ട് പോകുന്ന കുട്ടികള്‍ തെറ്റായ വഴിയിലേക്ക് നിങ്ങുകയും ചെയ്യുന്നു. ഈയൊരു അവസ്ഥയില്‍ നിന്നും ലോകത്തിന് മോചനം വേണമെന്നും അദ്ദേഹം പറഞ്ഞു.

 

റിപ്പോര്‍ട്ട്: അനീസ്‌

Advertisement