Administrator
Administrator
ഭക്ഷ്യസുരക്ഷാബില്‍ അട്ടിമറിക്കാന്‍ നീക്കം; ഗാഡ്ഗിലുള്‍പ്പെടെ ദേശീയ ഉപദേശകസമിതിയിലെ പ്രമുഖര്‍ പുറത്ത്
Administrator
Sunday 1st July 2012 2:31am

Madhav Gadgil, M S Swamynathan nad Harsh Mander out from National Advisory Committee

ന്യൂദല്‍ഹി: സോണിയാഗാന്ധി അദ്ധ്യക്ഷയായ ദേശീയ ഉപദേശക സമിതിയില്‍ നിന്നും മാധവ് ഗാഡ്ഗില്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ഒഴിവാക്കി. കഴിഞ്ഞ ദിവസം നടന്ന പുനസംഘടനയില്‍ മാധവ് ഗാഡ്ഗില്‍, ഡോ.എം എസ്. സ്വാമി നാഥന്‍, ഹര്‍ഷ് മന്ദര്‍ തുടങ്ങിയ പ്രമുഖരെയാണ് കമ്മിറ്റിയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. കമ്മിറ്റിയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ ബില്ലില്‍ വെള്ളം ചേര്‍ക്കരുതെന്ന് ശക്തമായി വാദിച്ച മൂന്നുപേരാണ് ഇതോടെ പുറത്തേക്ക് പോവുന്നത്. പതിനാലംഗ സമിതിയില്‍ ബാക്കിയുള്ള അംഗങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പുതുതായി ആശിഷ് മണ്ഡല്‍, മിഹിര്‍ ഷാ തുടങ്ങിയവരെയാണ് ഉള്‍പ്പെടുത്തിയതെന്നും പി.എം.ഒ വ്യക്തമാക്കിയിട്ടുണ്ട്.

പശ്ചിമഘട്ട മലനിരകളെ കുറിച്ച പഠിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ കൂടിയായിരുന്നു മാധവ് ഗാഡ്ഗില്‍. പശ്ചിമഘട്ട മലനിരകളെ അതീവ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണെന്നും ഈ നിതിയ ഹരിത വന പ്രദേശങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അവിടെയുള്ള ഖനനമുള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  പൂര്‍ണ്ണമായും നിര്‍ത്തി വെക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് ഖനി മാഫിയകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ഭീമന്മാര്‍ക്കും ഈ റിപ്പോര്‍ട്ട് ഭീഷണിയായിരുന്നു.

സമിതിയല്‍ നിന്നും തന്നെ ഒഴിവാക്കിയത് എന്തിനാണെന്ന് അറിയില്ലെന്ന് ഗാഡ്ഗില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമിതിയില്‍ ഖനന മാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ ഖനനമുള്‍പ്പടെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തെവെയ്ക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പശ്ചിമഘട്ടത്തെ കുറിച്ച് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാസങ്ങളോളം മന്ത്രാലയം പൂഴ്ത്തിവെച്ചിരുന്നു. ഇതിനെതിരെയും മാധവ് ഗാഡ്ഗില്‍ പരസ്യമായ രംഗത്തെത്തിയിരുന്നു.

ഭക്ഷ്യ സുരക്ഷ, ഭൂമി ഏറ്റെടുക്കലും പുനരധിവാസവും, ദളിതരുടെ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഉപസമിതിയുടെ തലവന്‍കൂടിയാണ് ഹാര്‍ഷ് മന്ദര്‍. ഗുജറാത്ത് കലാപത്തില്‍ പ്രതിഷേധിച്ച് ഉയര്‍ന്ന സര്‍ക്കാര്‍ പദവി രാജിവെച്ച് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ഹരിത വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച കൃഷിശാസ്ത്രജ്ഞനമായ എം.എസ് സ്വാമിനാഥന്‍ നിലവില്‍ രാജ്യസഭ എം.പി കൂടിയാണ്. ഭക്ഷ്യസുരക്ഷാബില്ലിന് മുകളില്‍ എന്നും എതിരഭിപ്രായം രേഖപ്പെടുത്തിയ ഇവരെ എന്തുകൊണ്ടാണ് പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിന് കൃത്യമായ വിശദീകരണം കൊടുത്തില്ല.

Advertisement