mustafa-p-erakkalഎസ്സേയ്സ് /
മുസ്തഫ പി.എറയ്ക്കല്‍

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയൊമ്പത്. ഭൂമിയിലുള്ള മനുഷ്യര്‍ മുഴുവന്‍ സ്‌കൈലാബ് പേടിയിലായിരുന്നു. ദുഷ്ടാ, തലയില്‍ ഇടിത്തീ വീഴും എന്നതിന് പകരം തലയില്‍ സ്‌കൈലാബ് വീഴും എന്നായിരുന്നു പ്രാകല്‍. എവിടെയും സ്‌കൈലാബ് തന്നെയായിരുന്നു ചര്‍ച്ച. കടലില്‍ പതിക്കുമോ, പട്ടണങ്ങളുടെ ഒത്ത നടുക്ക് വീഴുമോ, എന്ന് എപ്പോള്‍ പതിക്കും? ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരമില്ലാതിരുന്നതിനാല്‍ അഭ്യൂഹങ്ങള്‍ കാട്ടുതീയായി പടര്‍ന്നു. ചില്ലറ കാര്യമല്ല. 77 ടണ്ണാണ് കുത്തനെ പതിക്കാന്‍ പോകുന്നത്. 86 അടി നീളവും 55 അടി വീതിയുമുണ്ട്. ഭയവും കൗതുകവും പെരുക്കാന്‍ വേറെന്ത് വേണം! പത്രങ്ങളായ പത്രങ്ങളെല്ലാം പ്രത്യേക പതിപ്പുകള്‍ ഇറക്കി. വിശകലനങ്ങള്‍ നിറഞ്ഞു കവിഞ്ഞു. സമ്മാന പദ്ധതികളുമുണ്ടായിരുന്നു. സ്‌കൈലാബിന്റെ കഷണം കൊണ്ടുവരുന്നവര്‍ക്ക് 10,000 ഡോളറാണ് സാന്‍ഫ്രാന്‍സിസ്‌കോ എക്‌സാമിനര്‍ വാഗ്ദാനം ചെയ്തത്. സാന്‍ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍ കുറച്ചു കൂടി കേമമായിരുന്നു. സ്‌കൈലാബ് വീണ് ചെറുതോ വലുതോ ആകട്ടെ, അപായം പിണയുന്നവര്‍ക്ക് രണ്ട് ലക്ഷം ഡോളര്‍ നല്‍കുമെന്നായിരുന്നു അവരുടെ ഓഫര്‍.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ 1973ല്‍ വിക്ഷേപിച്ച ബഹിരാകാശ സ്‌റ്റേഷനായിരുന്നു സ്‌കൈലാബ്. ഇന്നത്തെ അന്താരാഷ്ട്ര ബഹിരാകാശ സ്‌റ്റേഷന് ( ഐ എസ് എസ്) സമാനം. 1980 വരെ ഭ്രമണപഥത്തില്‍ കറങ്ങുമെന്നായിരുന്നു നാസയുടെ കണക്കുകൂട്ടല്‍. പക്ഷേ, 1977ല്‍ തന്നെ സ്‌കൈലാബിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. രണ്ട് വര്‍ഷത്തിനകം ഭൂമിയില്‍ പതിക്കും. പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. ബാറ്ററി റീചാര്‍ജ് ചെയ്തു. സ്‌കൈലാബിനെ രക്ഷിച്ചെടുക്കാന്‍ അപ്പോളോയുടെ മാതൃകയില്‍ ഒരു വാഹനം തന്നെ അയക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും സൂര്യാഘാതത്തില്‍ സ്‌കൈലാബിന്റെ പുറം ഭാഗം ഉരുകിയൊലിച്ചു കഴിഞ്ഞിരുന്നു. വേറെ വഴിയില്ലാതെ സ്‌കൈലാബ് എല്ലാ പ്രതിരോധവും അസ്തമിച്ച് 1979 ജൂലൈ 12ന് ഭൂമിയിലേക്ക് മൂക്കു കുത്തി. ആശങ്കപ്പെട്ടതൊന്നും സംഭവിച്ചില്ല. പ്രധാന ഭാഗം കടലില്‍ പതിച്ചു. ഒരു കഷണം ആസ്‌ത്രേലിയയിലെ എസ്‌പെറന്‍സില്‍ വീണു.

പിന്നെ, സ്‌കൈലാബോളം ഭീതി വിതച്ചില്ലെങ്കിലും ഇത്തരം പതനങ്ങള്‍ നിരവധി നടന്നു. 2001 മാര്‍ച്ച് 23ന് റഷ്യന്‍ കൃത്രിമ ഉപഗ്രഹമായ മിര്‍ ഞെട്ടറ്റു വീണതും കടലിലായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാസയുടെ ഒരു ഉപഗ്രഹത്തിന്റെ പുറം പാളി ഉറുഗ്വേയില്‍ വീണിരുന്നു. ഇത്തരം വീഴ്ചകള്‍ വലിയ അത്യാഹിതങ്ങള്‍ വരുത്തിവെക്കാത്തതിനാല്‍ ആരും അത്ര ശ്രദ്ധിക്കാതെ പോയി. ഇപ്പോഴിതാ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് സാറ്റലൈറ്റ് ലക്കുകെട്ട് ഭൂമിയില്‍ പതിച്ചിരിക്കുന്നു. ഇതും നാസയുടെത് തന്നെ. പിഴവുകളുടെ ഘോഷയാത്രയാണ് യു.എ.ആര്‍.എസിന്റെ കാര്യത്തില്‍ സംഭവിച്ചത്.

പലവട്ടം പ്രവചനങ്ങള്‍ തിരുത്തിപ്പറഞ്ഞു. അടുത്ത മാസം ആദ്യം പതിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അത് മാറ്റി. ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴുണ്ടാകുന്ന അതിഘര്‍ഷണം മൂലം ആറ് ടണ്‍ ഭാരമുള്ള ഉപഗ്രഹത്തിന്റെ മുഴുവന്‍ ഭാഗവും ഉരുകിത്തീരുമെന്ന് പ്രവചിക്കപ്പെട്ടു. അതും പിന്നീട് മാറ്റി. അര ടണ്‍ ഭൂമിയിലെത്തുമെന്നാക്കി, പ്രവചനം. മൊത്തത്തില്‍ ഒരു തീര്‍പ്പില്ലായ്മയുണ്ട് ഇക്കാര്യങ്ങളില്‍. സാങ്കേതികമായി ഇത്രയൊക്കെ പുരോഗമിച്ചിട്ടും സാധാരണ മനുഷ്യന്റെ ആശങ്കകള്‍ ശമിപ്പിക്കും വിധം വസ്തുതകള്‍ വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിന് സാധിക്കുന്നില്ല. വിജയങ്ങള്‍ ബോധ്യപ്പെടുത്താനും വിവരിക്കാനും പാടൊന്നുമില്ല. പരാജയങ്ങള്‍, ഇടര്‍ച്ചകളാണ് വിശലനം ചെയ്യപ്പെടേണ്ടത്. ആഘോഷങ്ങള്‍ എളുപ്പമാണ്. പതനങ്ങള്‍ സൃഷ്ടിച്ച നിശ്ശബ്ദതയില്‍ നിന്നുയരുന്ന ആലോചനകളാണ് പ്രധാനം.

ബഹിരാകാശത്തേക്ക് മനുഷ്യന്‍ അയച്ച സംഗതികള്‍ക്ക് വ്യതിചലനം സാധാരണമാണ്. അപ്പോള്‍ അവയില്‍ തന്നെയുള്ള റോക്കറ്റുകള്‍ എതിര്‍ ബലം സൃഷ്ടിച്ച് ഭ്രമണപഥത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയാണ് ചെയ്യുന്നത്. അതു ഫലിക്കാതെ വന്നാല്‍ നിശ്ചയിച്ച വഴിയില്‍ നിന്ന് തെന്നി ഭൂമിയുടെ ആകര്‍ഷണ വലയത്തിലേക്ക് അവ പ്രവേശിക്കും. പിന്നെ രക്ഷയില്ല. പുനഃപ്രവേശം ഉറപ്പാണ്. ഈ റീഎന്‍ട്രി പക്ഷേ, അത്ര ലളിതമല്ല. ഭൂമിയുടെ അന്തരീക്ഷ മര്‍ദം അതികഠിനമാണ്. പാറപ്പുറത്ത് വീഴും പോലെയുണ്ടാകും. അപ്പോള്‍ ഓരോ പതനവും അതിഘര്‍ഷണം സൃഷ്ടിക്കും. ഈ അതിഘര്‍ഷണമുണ്ടാക്കുന്ന തീയില്‍ പേടകങ്ങള്‍ വെന്തുരുകം. ബഹിരാകാശ വാഹനങ്ങള്‍ തിരിച്ചുവരുമ്പോഴും ഈ പൊല്ലാപ്പെല്ലാം ഉണ്ടാകാറുണ്ട്. അതിഘര്‍ഷണത്തിന്റെ പ്രഭാവം കുറക്കാന്‍ പ്രത്യേക ഉപകരണങ്ങളയച്ചാണ് ഇത് മറികടക്കുന്നത്. (ഈ സാഹചര്യമൊരുക്കലില്‍ വന്ന പിഴവാണ് കല്‍പ്പനാ ചൗളയും കൂട്ടരും ഭസ്മമായിപ്പോകാന്‍ കാരണമായത്.)

ഉപേക്ഷിക്കപ്പെട്ട പേടകങ്ങളുടെ കാര്യത്തില്‍ ഇത്തരം മുന്‍കരുതലുകള്‍ ഒന്നുമുണ്ടാകില്ല. അവയെ ഉരുകിത്തീരാന്‍ വിടും. ഉരുകാതെ ബാക്കിയാകുന്നതാണ് ഭൂമിയില്‍ പതിക്കുന്നത്. അപകടങ്ങള്‍ വരുത്തിവെച്ച ചരിത്രമില്ലെന്നത് ഇത് സംബന്ധിച്ച് ഗൗരവതരമായ ആലോചനയുടെ ആവശ്യകത ഇല്ലാതാക്കുന്നില്ല. ശീത സമരകാലത്താണല്ലോ ബഹിരാകാശ ദൗത്യങ്ങള്‍ മത്സരമായി പരിണമിച്ചത്. സോവിയറ്റ് യൂനിയനും അമേരിക്കയും ‘പാകമാകും മുമ്പേ’ ബഹിരാകാശത്തേക്ക് പേടകങ്ങളും റോക്കറ്റും തൊടുത്തുവിട്ടു. വാര്‍ത്താ വിനിമയം, വിദ്യാഭ്യാസം, വിനോദം, ആരോഗ്യം തുടങ്ങി സര്‍വ മേഖലകളെയും സ്പര്‍ശിക്കുന്ന നിരവധി ദൗത്യങ്ങള്‍ ആകാശത്തേക്ക് കുതിച്ചു.

രാഷ്ട്രീയമായ മത്സരവും സ്പര്‍ധയും ഇത്തരം ദൗത്യങ്ങളുടെ സ്വാഭാവികതക്ക് പരുക്കേല്‍പ്പിച്ചു. പലപ്പോഴും വിജയങ്ങള്‍ ‘സൃഷ്ടിക്കപ്പെട്ടു’. ചന്ദ്രനിലെ ആദ്യത്തെ കാല്‍വെപ്പ് ഇന്നും വിവാദച്ചുഴിയില്‍ നില്‍ക്കുന്നത് അതുകൊണ്ടാണ്. ശീതസമര കാലത്ത് അയച്ച പേടകങ്ങളില്‍ പലതും നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് ഒഴുകി നടക്കുകയാണ്. ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ ഉപഗ്രഹങ്ങളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും വേര്‍പെട്ട ചെറിയ ഭാഗങ്ങളും ഇങ്ങനെ കറങ്ങിത്തിരിയുന്നുണ്ട്. ഇന്ധന അവശിഷ്ടങ്ങള്‍ മുതല്‍ ബഹിരാകാശ യാത്രികര്‍ ഉപേക്ഷിച്ച നിത്യോപയോഗ സാധനങ്ങള്‍ വരെ ചെറുതും വലുതുമായ പതിനായിരക്കണക്കിന് വസ്തുക്കള്‍ ബഹിരാകാശത്തുണ്ടെന്നാണ് കണക്ക്. ഇവയാകെയാണ് ബഹിരാകാശ മാലിന്യങ്ങള്‍ ( സ്‌പേസ് ഡെബ്രിസ് ) എന്ന് വിളിക്കുന്നത്.

ചോദ്യമിതാണ്. ഭൂമിയുടെ ഉപരിതലവും അന്തരീക്ഷവും മനുഷ്യന്‍ മലിനമാക്കിയിരിക്കുന്നു. ബഹിരാകാശം കൂടി മലിനമാക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? മനുഷ്യന്റെ സ്ഥാനം ജീവിമണ്ഡലത്തിന്റെ വിശാലതക്കും വൈവിധ്യത്തിനും മുന്നില്‍ നിസ്സാരമാണ്. അശക്തനും ദുര്‍ബലനുമാണ് അവന്‍. അപ്പോള്‍ ഈ ഇടപെടലിന്റെ അപകടം പ്രതിരോധിക്കാന്‍ ശാസ്ത്രലോകത്തിന്റെ നിസ്സാരമായ അറിവ് മതിയാകുമോ?

ഭൂമിയില്‍ മനുഷ്യന്‍ സംവിധാനിച്ചു വെച്ച അപകടകരമായ ആണവായുധങ്ങളും രാസായുധങ്ങളും നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴിയാണ് . ബഹിരാകാശ മാലിന്യങ്ങളില്‍ തട്ടിത്തകര്‍ന്ന് ഈ ഉപഗ്രഹങ്ങള്‍ നിലം പൊത്തിയാല്‍ ഈ നിയന്ത്രണങ്ങളെല്ലാം താറുമാറാകും. ആയുധങ്ങള്‍ ഒരു ദുരന്ത പ്രഭാതത്തില്‍ മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും അന്തകരായി മാറും. ശരിയാണ്. ഇങ്ങനെ ഭീതി കൊള്ളുന്നത് മഹാകഷ്ടമാണ്. ശുഭാപ്തി വിശ്വാസമില്ലെങ്കില്‍ ഒരു പുരോഗതിയും സാധ്യമല്ല. പക്ഷേ, മുന്‍കരുതുന്നത് ഭീരുത്വമല്ലല്ലോ. സ്വയം നിയന്ത്രണം അശുഭാപ്തിയുമല്ല.

ബഹിരാകാശത്തെ പ്രവൃത്തികള്‍ നിയന്ത്രിക്കാന്‍ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ അഞ്ച് കരാറുകളാണ് രൂപവത്കരിച്ചിട്ടുള്ളത്. ദി ഔട്ടര്‍ സ്‌പേസ് ട്രീറ്റി, ദി റസ്‌ക്യൂ എഗ്രിമെന്റ്, ദി ലയബിലിറ്റി കണ്‍വെന്‍ഷന്‍, ദി റജിസ്‌ട്രേഷന്‍ കണ്‍വെന്‍ഷന്‍, ദി മൂണ്‍ ട്രീറ്റി എന്നിവയാണ് അവ. അറുപതുകളിലാണ് ഇവ മിക്കവാറും നിലവില്‍ വന്നത്. ബഹിരാകാശത്ത് ഓരോരുത്തരും അയച്ച വസ്തുക്കളുടെ ഉടമസ്ഥാവകാശം ശക്തമായി ഉറപ്പിക്കുകയാണ് ഈ കരാറുകളെല്ലാം ചെയ്യുന്നത്. (അന്ന് ഇറങ്ങിയ സയന്‍സ് ഫിക്ഷനുകളിലെ പ്രധാന ഭാവന അമേരിക്കയുടെ പേടകങ്ങള്‍ റഷ്യയും തിരിച്ചും നശിപ്പിക്കുന്നതായിരുന്നു. ഈ ഭാവനയില്‍ പോലും ഭീതി പൂണ്ട ശീത സമരകാലത്ത് ഇത്തരം നിയമങ്ങള്‍ ഉണ്ടായത് സ്വാഭാവികമാണ്.)

നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണാല്‍ പോലും ഉടമസ്ഥാവകാശം അയച്ചയാളില്‍ നിക്ഷിപ്തമാക്കുന്നു നിയമങ്ങള്‍. ഇവ ഉണ്ടാക്കുന്ന ഭീഷണികളെ ഒരു നിയമവും അഭിസംബോധന ചെയ്യുന്നില്ല. അല്‍പ്പമെങ്കിലും അപവാദമായിട്ടുള്ളത് ഔട്ടര്‍ സ്‌പേസ് ട്രീറ്റി മാത്രമാണ്. ബഹിരാകാശത്ത് ആണവായുധങ്ങള്‍ നിക്ഷേപിക്കരുതെന്ന് ഈ കരാര്‍ കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു.

ഈ നിയമങ്ങളെല്ലാം അങ്ങേയറ്റം വ്യാഖ്യാന സാധ്യതയുള്ളവയാണ്. വ്യാഖ്യാനിച്ച് പഴുതുകള്‍ കണ്ടെത്താം. സ്‌കൈലാബിന്റെ അവശിഷ്ടം പതിച്ചതിന് 30 വര്‍ഷം പിന്നിട്ടിട്ടും നാസ ആസ്‌ത്രേലിയക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. മിര്‍ പതിച്ചതിന് റഷ്യയും കൊടുത്തിട്ടില്ല നഷ്ടപരിഹാരം. അപകടത്തിന്റെ ഉത്തരവാദിത്വമേല്‍ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന അന്താരാഷ്ട്ര നിയമം ഇല്ലെന്നത് തന്നെയാണ് കാരണം.

അനന്തമജ്ഞാതമവര്‍ണനീയമായ ലോകത്ത് മര്‍ത്യന്‍ കഥയെന്തറിഞ്ഞുവെന്ന് എളിമ കൊള്ളുന്നു കവി. ആ എളിമയല്ലേ പരിഹാരം? അത് തന്നെയല്ലേ അഭികാമ്യം?

mtsuhafaerrakkal@yahoo.co.in
കടപ്പാട്: സിറാജ്