ന്യൂദല്‍ഹി: വയനാട്- മൈസൂര്‍ ദേശിയപാതയിലെ രാത്രി യാത്രക്ലേശം കുറയ്ക്കുന്നതിനുവേണ്ടി കണ്‍വോയ് അടിസ്ഥാനത്തില്‍ ഗതാഗതം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കര്‍ണാടകം തള്ളി. രാത്രിയിലെ ഗതാഗത നിരോധനം കര്‍ശമനായി നടപ്പാക്കാന്‍ കര്‍ണാടകം സുപ്രിംകോടതിയെ അറിയിച്ചു.

രാത്രിഗതാഗതം നിരോധിച്ചു കൊണ്ടുള്ള ബാംഗ്ലൂര്‍ ഹൈക്കോടതിയുടെ വിധിക്കെതിരേ കേരളം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇരുസംസ്ഥാനങ്ങളും ആലോചിച്ച് ഉചിതമായ തീരുമാനത്തിലെത്താന്‍ സുപ്രിംകോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് കണ്‍വോയ് അടിസ്ഥാനത്തില്‍ രാത്രിയില്‍ ഗതാഗതം നടത്താമെന്ന് കേരളം അറിയിച്ചത്.
എലിവേറ്റഡ് പാത നിര്‍മിക്കാമെന്ന കേരളത്തിന്റെ ആവശ്യം കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് കര്‍ണാടകം വ്യക്തമാക്കി. കൂടാതെ നിലവിലുള്ള പാത വീതികൂട്ടണമെന്ന കേരളത്തിന്റെ ആവശ്യവും കര്‍ണാടകം തള്ളി.

രാത്രിയിലെ ഗതാഗത ക്ലേശത്തക്കുറിച്ച പഠിക്കാന്‍ സംയുക്ത സമിതി രൂപീകരിക്കുന്ന ആവശ്യവും കര്‍ണാടകത്തിന് സ്വീകാര്യമായില്ല. സുപ്രിംകോടതി അടുത്ത മാസം ഇതില്‍ വാദം കേള്‍ക്കും.