യാങ്കൂണ്‍: ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന ആംഗ് സാന്‍ സൂക്കിയും അവരുടെ പാര്‍ട്ടിയും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്ന് മ്യാന്‍മര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സൂക്കിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നിയമം ലംഘിച്ച് പാര്‍ട്ടി ഓഫീസുകള്‍ നടത്തുകയും സമ്മേളനങ്ങള്‍ നടത്തുകയും ചെയ്‌തെന്നാണ് ഭരണകൂടം ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങള്‍.

ജനാധിപത്യം നടപ്പാക്കണമെന്ന് യഥാര്‍ത്ഥത്തില്‍ ഇവരാഗ്രഹിക്കുന്നുണ്ടെങ്കില്‍ സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇവര്‍ അവസാനിപ്പിക്കണമെന്നും ദേശീയ മാധ്യമത്തിലൂടെ ഭരണകൂടം അറിയിച്ചു.

ഇതുസംബന്ധിച്ച് സൂക്കിക്കും പാര്‍ട്ടി ചെയര്‍മാന്‍ ആങ് ഷൂവിനും നോട്ടീസയച്ചിട്ടുണ്ട്. ഇതോടെ സൂക്കിയുടെ പാര്‍ട്ടിക്ക് സാമൂഹിക സംഘടനയെന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് മ്യാന്‍മറിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

20 വര്‍ഷത്തിനുശേഷമുണ്ടായ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ നിന്ന് കഴിഞ്ഞ നവംബറിലാണ് സൂക്കി മോചിതയായത്. തിരഞ്ഞെടുപ്പ് വെറും പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടി സൂക്കിയും പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. മോചിതയായ ശേഷം രാജ്യമൊട്ടുക്കും സഞ്ചരിച്ച് തനിക്ക് പിന്തുണ നല്‍കുന്നവരെ നേരിട്ട് കാണാന്‍സൂക്കി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ ഉത്തരവ് സൂക്കിക്ക് കനത്ത തിരിച്ചടിയാകും.