യാങ്കൂണ്‍: അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കുമായി ശബ്ദമുയര്‍ത്തിയതിന് വീട്ടുതടങ്കലിലടക്കപ്പെട്ട ആങ്‌സാന്‍ സൂകിക്ക് ഒടുവില്‍ മോചനം. സൂക്കിയെ മോചിപ്പിച്ചതായും അവരുടെ വീടിനുമുമ്പിലെ പട്ടാള ബാരക്കുകള്‍ നീക്കിയതായും മ്യാന്‍മര്‍ പോലീസ് അറിയിച്ചു.

15 വര്‍ഷമായി തുടരുന്ന വീട്ടുതടങ്കല്‍ കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് സൂകിയെ മോചിപ്പിക്കാന്‍ പട്ടാളഭരണകൂടം തീരുമാനിച്ചത്. തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സൂകിയെ മോചിപ്പിക്കുമെന്ന് പട്ടാളഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു.

സൂകിയുടെ തടവ് നേരത്തേ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ താമസിക്കുന്ന വസതിയിലേക്ക് അമേരിക്കന്‍ പൗരന്‍ കയറിയെന്ന് പറഞ്ഞ് പട്ടാളഭരണകൂടം തടങ്കല്‍കാലാവധി ദീര്‍ഘിപ്പിക്കുകയായിരുന്നു. സൂകിയുടെ കീഴിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി കഴിഞ്ഞ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.