എഡിറ്റര്‍
എഡിറ്റര്‍
മ്യന്‍മാറില്‍ വര്‍ഗ്ഗീയ കാലാപം : അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
എഡിറ്റര്‍
Monday 11th June 2012 11:02am

യാങ്കോണ്‍ : മ്യാന്‍മാറിലെ പടിഞ്ഞാറന്‍ മേഖലയായ റാഖെയിനില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രദേശത്ത് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.   മുസ്‌ലിം മതവിശ്വാസികളും ബുദ്ധമതവിശ്വാസികളും തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്.
കഴിഞ്ഞമാസം ഒരു ബുദ്ധസ്ത്രീയുടെ കൊലപാതകമാണ് സംഘര്‍ഷത്തിന് കാരണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച്  മുസ്‌ലീംകള്‍ സഞ്ചരിച്ച ബസ്സ് മറുവിഭാഗം ആക്രമിച്ചിരുന്നു. സംഘര്‍ഷത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായതായതായും കണക്കാക്കപ്പെടുന്നു.
കലാപത്തെ തുടര്‍ന്ന് ഇവിടെയുള്ള നാല് ജില്ലകളില്‍ നേരത്തേ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.
പരമ്പരാഗത ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായി അറിയപ്പെടുന്ന റാഖെയിനിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ വര്‍ഷങ്ങളായുള്ള പട്ടാള ഭരണത്തോടുള്ള അസ്വസ്ഥതയാണ് സംഘര്‍ഷത്തില്‍ അവസാനിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. പ്രദേശത്തെ  മുസ്‌ലീംകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരാണെന്നാണ് മ്യാന്‍മാര്‍ ഭരണൂടത്തിന്റെ വാദം.

Advertisement