യാങ്കൂണ്‍: മ്യാന്‍മര്‍ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ ജനാധിപത്യ പോരാളിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂ ചിക്ക് ജയം. കാവ്ഹ്മു മണ്ഡലത്തില്‍ നിന്നാണ് സൂ ചി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സൂ ചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി (എന്‍.എല്‍.ഡി) വക്താവ് അറിയിച്ചതാണ് ഇക്കാര്യം. കാവ്ഹ്മു മണ്ഡലത്തിലെ 129 പോളിംഗ്് സ്‌റ്റേഷനുകളില്‍ 82 എണ്ണത്തിലെ ഫലം അറിഞ്ഞപ്പോള്‍ 65 ശതമാനം വോട്ടുകള്‍ക്കു സൂ ചി മുന്നിലാണെന്ന് വക്താവ് പറഞ്ഞു.

664 അംഗ പാര്‍ലമെന്റിലെ 45 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സൂ ചിയുടെ എന്‍.എല്‍.ഡി 44 സീറ്റുകളിലും മത്സരിച്ചു. എന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ ഇവര്‍ക്കാകില്ല. 25 ശതമാനം സീറ്റുകള്‍ പട്ടാള ഭരണകൂടം സൈനികര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് ഭരണമാറ്റം ഉണ്ടാകില്ല. എന്നാല്‍, 44 സീറ്റില്‍ 30ല്‍ അധികം സീറ്റുകള്‍ സൂ ചിയുടെ പാര്‍ട്ടിക്ക് ലഭിച്ചാല്‍ 2015ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അത് അവര്‍ക്ക് ഊര്‍ജ്ജമാകും.

1990ന് ശേഷം മ്യാന്‍മറില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പാണ് ഇന്നത്തേത്. 2010ല്‍ പൊതു തിരഞ്ഞെടുപ്പ് നടന്നെങ്കിലും അത് പട്ടാള ഭരണകൂടം അട്ടിമറിക്കുകയായിരുന്നു. പ്രാദേശിക സമയം ആറു മണിയോടെ ആരംഭിച്ച വോട്ടെടുപ്പ് നാലു മണിയോടെയാണ് അവസാനിച്ചത്. 17 പാര്‍ട്ടികളില്‍ നിന്നായി 160 പേര്‍ മത്സര രംഗത്തുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരടക്കം അന്താരാഷ്ട്ര നിരീക്ഷകര്‍ മ്യാന്‍മറിലെത്തിയിരുന്നു. ക്രമക്കേടുകളില്ലാതെയും സമാധാനപരമായും വോട്ടെടുപ്പ് നടന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം മ്യാന്‍മറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

സൂ ചിയുടെ പാര്‍ട്ടിയായ എന്‍.എല്‍.ഡി വിജയം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 45 സീറ്റുകളില്‍ 30 മുതല്‍ 35 സീറ്റു വരെ എന്‍.എല്‍.ഡി നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കുന്നു. 45 സീറ്റുകളില്‍ മാത്രം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് സൂ ചി പാര്‍ലമെന്റിന്റെ പടി കടന്ന് പ്രതിപക്ഷത്തിരുന്നാല്‍ അത് മ്യാന്‍മറിലെ ജനങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കും.

2010 ല്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ സൂ ചി മത്സരിക്കാതിരിക്കാന്‍, തടവില്‍ കഴിയുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് പട്ടാള ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ജന്മനാട്ടിലെ പട്ടാള ഭരണത്തിനെതിരെ മുപ്പതു വര്‍ഷമായി പോരാടുന്ന സൂ ചി 21 വര്‍ഷം വീട്ടുതടങ്കലില്‍ കഴിഞ്ഞു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ സൂ ചിയെ 2010 നവംബറിലാണ് വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചത്.

Malayalam News

Kerala News in English