യാങ്കൂണ്‍: പട്ടാളഭരണത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് 20 വര്‍ഷത്തിനുശേഷം മ്യാന്‍മറില്‍ പൊതുതിരഞ്ഞെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വമല്ലെന്നും തങ്ങളുടെ അധികാരമുപയോഗിച്ച് പട്ടാളഭരണകൂടം അധികാരത്തില്‍ തുടരുമെന്ന ആരോപണങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പു നടക്കുന്നത്.

നോബല്‍ സമ്മാനജേതാവും മ്യാന്‍മറിലെ ജനാധിപത്യപ്പോരാട്ടങ്ങളുടെ നായികയുമായ ആങ്‌സാന്‍ സൂകിയുടെ ‘നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി’ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനായി രാജ്യത്തുടനീളം 40,000 പോളിംഗ് സ്‌റ്റേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

പട്ടാളത്തിന്റെ പിന്തുണയുള്ള ‘ യൂണിയന്‍ സോളിഡാരിറ്റി ആന്റ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടി’, നാഷണല്‍ യൂണിറ്റി പാര്‍ട്ടി എന്നിവയാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പ്രധാനപാര്‍ട്ടി. നാഷണല്‍ ഡെമോക്രാറ്റിക് ഫോര്‍സാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പ്രധാന പ്രതിപക്ഷപാര്‍ട്ടികള്‍.

എന്നാല്‍ പട്ടാളഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് എത്രത്തോളം സുതാര്യമാകും എന്നതാണ് അന്താരഷ്ട്ര നിരീക്ഷികര്‍ ഉന്നയിക്കുന്ന ചോദ്യം. അന്താരാഷ്ട്ര നിരീക്ഷകരെയോ വിദേശ മാധ്യമപ്രതിനിധികളെയോ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭരണകൂടം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.