ന്യൂദല്‍ഹി: പതിനേഴ് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ഭാര്യ പായലും വേര്‍പിരിഞ്ഞു. ട്വിറ്റര്‍ മെസേജിലൂടെ ഉമര്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഉമര്‍ ഭാര്യയുമായി വേര്‍പിരിഞ്ഞതായും പുനര്‍ വിവാഹം ഉടനുണ്ടാവുമെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് സ്ഥിരീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയത്. താനും ഭാര്യയുമായും വേര്‍പിരിഞ്ഞുവെന്ന കാര്യം ശരിയാണ്. എന്നാല്‍, തന്റെ ഉദ്ദേശ്യത്തെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. തന്റെയും കുടുംബത്തിന്റെയും സ്വകാര്യത അംഗീകരിക്കാന്‍ മാദ്ധ്യമങ്ങള്‍ തയ്യാറാകണമെന്നും ഉമര്‍ അബ്ദുല്ല അഭ്യര്‍ഥിച്ചു.

പുനര്‍വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിചമച്ചതും വേദനാജനകവുമാണെന്ന് പറഞ്ഞ ഉമര്‍ മുമ്പെങ്ങുമില്ലാത്ത മന:സംഘര്‍ഷത്തിലാണെന്നും എന്നാല്‍ ഇത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും കുറിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ സ്ഥിരീകരണവും വിശദാംശങ്ങളും തന്റേയോ കുടംബത്തിന്റെയോ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും നാല്‍പ്പത്തി ഒന്നുകാരനായ ഉമര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.