കൊച്ചി: കൊച്ചി ടസ്‌ക്കേഴ്‌സിനെ ഐ.പി.എല്ലില്‍ നിന്ന് ബി.സി.സി.ഐ പുറത്താക്കിയതിലൂടെ ടീമിനെതിരെ താന്‍ നേരത്തെയെടുത്ത നിലപാടുകള്‍ ശരിയാണെന്ന് തെളിഞ്ഞതായി മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡി. തന്റ നിര്‍ദ്ദേശങ്ങള്‍ അവഗണച്ചാണ് കൊച്ചി ടീമിന് അംഗീകാരം നല്‍കിയത്. ഇത് തെറ്റാണെന്ന് ബി.സി.സി.ഐ ഇപ്പോള്‍ സ്വീകരിച്ച നടപടിയിലൂടെ തെളിഞ്ഞു. ഐ.പി.എല്ലില്‍ നിന്നും കൊച്ചി ടീമിനെ റദ്ദാക്കിയ നടപടിയിലൂടെ ബി.സി.സി.ഐക്ക് 1440 കോടിയുടെ നഷ്ടമുണ്ടാകുമെന്നും മോഡി പറഞ്ഞു.

തന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൊച്ചി ടീമിന് അംഗീകാരം നല്‍കിയതിന്റെ ഉത്തരവാദിത്വം മുന്‍ പ്രസിഡണ്ട് ശശാങ്ക് മനോഹറിനാണെന്നും മോഡി ആരോപിച്ചു. വിവാദത്തെ തുടര്‍ന്ന് ശശിതരൂരിന് കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്നും എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായാണ് തനിക്ക് തരൂരിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തേണണ്ടി വന്നതെന്നും മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ പറഞ്ഞു.

ബി.സി.സി.ഐക്ക നല്‍കേണ്ട ബാങ്ക് ഗ്യാരണ്ടിയില്‍ കുടിശ്ശിക വരുത്തിയതിനെതുടര്‍ന്ന് തിങ്കളാഴ്ചയാണ് ബോര്‍ഡ് കൊച്ച് ടസ്‌ക്കേഴ്‌സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയത്. രണ്ടാം വര്‍ഷത്തെ ബാങ്ക് ഗ്യാരണ്ടിയായ 156 കോടി രൂപ ഇതുവരെയും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.