ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് താരങ്ങളെ മാറ്റി മാറ്റിയുള്ള പരീക്ഷണത്തിലാണ്. കുറച്ചുകാലം ഗൗതം ഗംഭീര്‍ പിന്നെ വിരാട് കോഹ്‌ലി, പിന്നെ ഇതാ വീണ്ടും ഗംഭീറിനെ വൈസ് ക്യാപ്‌ററനാക്കാനുള്ള തീരുമാനം. വരാനിരിക്കുന്ന വേള്‍ഡ് ട്വന്റി-20 മത്സരത്തിലാണ് ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഗംഭീര്‍ വരുന്നത്.

Ads By Google

എന്നാല്‍ ഈ കസേരകളിയില്‍ അത്ര സന്തോഷവാനല്ല ഗംഭീര്‍ എന്ന് തോന്നുന്നു. ടീമില്‍ സ്ഥാനമാനങ്ങളില്‍ മാത്രമേ വ്യത്യാസം വരുന്നുള്ളു ഉത്തരവാദിത്വത്തില്‍ യാതൊരു മാറ്റവും വരുന്നില്ലെന്നാണ് താരം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

‘നമ്മുടെ ഉത്തരവാദിത്തം ടീമിനോട് മാത്രമാണ്. അല്ലാതെ ഇരിക്കുന്ന പൊസിഷനോടല്ല. ഞാന്‍ വൈസ് ക്യാപ്റ്റന്‍ എന്ന സ്ഥാനത്തല്ല ടീമില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുന്ന ഒരാള്‍, അത്രയേ ഉള്ളു. ടീമിന് വേണ്ടി നന്നായി കളിക്കുക, കൂടുതല്‍ റണ്‍സ് നേടുക. അതിന് സ്ഥാനമാനങ്ങളുടെ ആവശ്യമില്ല. സ്ഥാനമേതായാലും നന്നായി കളിക്കാന്‍ സാധിക്കണം. അതാണ് ആവശ്യം’ – ഗംഭീര്‍ പറഞ്ഞു.

യുവരാജ് സിങ്ങിന്റേയും ഹര്‍ഭജന്റേയും തിരിച്ചുവരവില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ഗംഭീര്‍ പറഞ്ഞു.

‘യുവരാജ് ടീമിലേക്ക് വരുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന വ്യക്തിയാണ് ഞാന്‍. യുവരാജിന്റെ സാന്നിധ്യം ടീമിനൊന്നാകെ ആവേശമാണ്. അദ്ദേഹത്തിന്റെ സാമിപ്യം ഡ്രസിംഗ് റൂമില്‍ വരെ സന്തോഷം നല്‍കും. എല്ലായ്‌പ്പോഴും ഒരു പ്രചോദനമായി നമ്മുടെ കൂടെ നില്‍ക്കുന്ന താരമാണ് യുവി. ടീമിലേക്ക് തിരിച്ചുവരാനായി അദ്ദേഹം ചെയ്ത പരിശ്രമം ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കെല്ലാം പ്രചോദനമാകുമെന്നാണ്‌ കരുതുന്നത്’- ഗംഭീര്‍ പറഞ്ഞു.

ഹര്‍ഭജന്‍ സിങ്ങിനെപ്പോലെ അനുഭവസമ്പത്തുള്ള താരം ടീമിലുണ്ടെങ്കില്‍ അത് ഏറെ ഗുണം ചെയ്യുമെന്നും ഗംഭീര്‍ പറഞ്ഞു.