ചെന്നൈ:പൊല്ലാതവന്‍, ആടുകളം തുടങ്ങിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നിച്ച ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ട് ഇനി ആവര്‍ത്തിക്കില്ലെന്ന് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ വെട്രിമാരന്‍.

2007 ല്‍ പുറത്തിറങ്ങിയ മാരന്റെ ആദ്യസിനിമ പൊല്ലാതവനില്‍ ധനുഷ് ആയിരുന്നു നായകന്‍. ഇനി താന്‍ ചെയ്യുന്ന സിനിമയില്‍ ധനുഷിനെ നായകനാക്കില്ലെന്ന് മാരന്‍ പറയുന്നു. മാറ്റത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. തുടര്‍ച്ചയായി ഒരു ടീമിന്റെ കൂടെത്തന്നെ പടം ചെയ്യുന്നത് ഞങ്ങള്‍ക്കും കാണികള്‍ക്കും ഒരുപോലെ മടുപ്പുളവാക്കുന്നതാണ്. ഞാന്‍ ചെയ്ത രണ്ടു സിനിമയിലും ധനുഷായിരുന്നു നായകന്‍. മാറ്റംവരുത്തണമെന്നാഗ്രഹമുള്ളതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചത്-മാരന്‍ പറയുന്നു.

വെട്രിമാരന്‍ സംവിധാനം നിര്‍വഹിച്ച രണ്ടുസിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ആടുകളം ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി. എന്നാല്‍ സിനിമയെടുക്കുന്നത് അവാര്‍ഡിനുവേണ്ടിയല്ല, മറിച്ച് പണമുണ്ടാക്കാനാണെന്ന് മാരന്‍ പറയുന്നു.

അവാര്‍ഡിനേക്കാള്‍ പ്രാധാന്യം പ്രേക്ഷകരുടെ താല്‍പര്യത്തിനാണെന്നും അദ്ദേഹം പറയുന്നു. അതോടൊപ്പംതന്നെ ഒരു സിനിമയെ വിലയിരുത്തേണ്ടത് കിട്ടിയ അവാര്‍ഡുകള്‍ കണക്കിലെടുത്തുകൊണ്ടാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അവാര്‍ഡുകള്‍ പലപ്പോഴും ജൂറിയിലുള്ളവരുടെ സ്ഥാപിതതാല്‍പര്യങ്ങളാണ്.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഹിന്ദിയില്‍നിന്നും റീമേക്ക് ചെയ്യുന്ന സിനിമകളാണ് തമിഴില്‍ വിജയിച്ചിട്ടുള്ളത്. ആശയത്തിനു കോട്ടംവരുത്താതെ നല്ല രീതിയില്‍ റീമേക്ക് ചെയ്യുന്നതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്.

ആടുകളം ഹിന്ദിയില്‍ റീമേക്ക് ചെയ്യുമ്പോള്‍ അത് പൂര്‍ണമായും വിജയിച്ചുകൊള്ളണമെന്നില്ല. തമിഴ്‌നാടിന്റെ സംസ്‌കാരവുമായി യോജിച്ചുപോകുന്ന പ്രമേയമാണ് ആടുകളത്തിനുള്ളത്.