Categories

എന്നെ വിശ്വസിക്കൂ;ആ അപകടം ആകസ്മികമായിരുന്നു: സ്വര്‍ണ്ണ തോമസ്

swarna

സുന്ദരി, പുതുമുഖ താരം, മികച്ച നര്‍ത്തകി എന്നീ നിലക്കെല്ലാം പ്രശസ്തയായ സ്വര്‍ണ്ണ ഫ്‌ളാറ്റില്‍ നിന്നും വീണ് പരിക്കേറ്റത് അടുത്തിടെ വാര്‍ത്തയായിരുന്നു.

ഇപ്പോള്‍ ആറ് മാസങ്ങള്‍ക്ക് ശേഷം മുന്‍പത്തേക്കാള്‍ ഊര്‍ജസ്വലയായി സ്വര്‍ണ്ണ തിരിച്ചുവരുന്നു.

‘എന്റെ നട്ടെല്ലിനും സന്ധികള്‍ക്കും ഗുരുതര പരിക്കാണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാം അവസാനിച്ചെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഇന്ന് അതേ ഡോക്ടര്‍ പറഞ്ഞു സൈക്കോതെറാപ്പിക്ക് പൂര്‍ത്തിയായി ഒരു മാസത്തിനകം എനിക്ക് സാധാരണ ജീവിതം നയിക്കാനാകുമെന്ന്.’

അതേസമയം സ്വര്‍ണ്ണ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ആകസ്മികമായി വീണതല്ലെന്നും മന:പൂര്‍വം ചാടിയതാണെന്നും പ്രചരണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ താന്‍ ആകസ്മികമായി വീണതാണെന്നും  അല്ലായിരുന്നെങ്കില്‍ താനിപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല,തന്നെ വിശ്വസിക്കണമെന്നും സ്വര്‍ണ്ണ പറഞ്ഞു.

‘ഡെങ്കിപ്പനി ബാധിച്ച് തീരെ സുഖമില്ലാതെയിരിക്കുകയായിരുന്നു ഞാന്‍. അപാര്‍ട്‌മെന്റില്‍ ടി.വി കണ്ടിരിക്കവേ അനുജന്‍ കളിക്കാന്‍ വേണ്ടി പുറത്ത് പോയി. അവനെ നോക്കാന്‍ വേണ്ടി ബാല്‍ക്കണിയിലേക്ക് ഇറങ്ങിയതായിരുന്നു. മഴ മൂലം നല്ല വഴുക്കലുണ്ടായിരുന്നു അവിടെ. പിന്നെ എനിക്ക് ഓര്‍മ്മയുള്ളത് അഞ്ചാമത്തെ നിലയില്‍ നിന്ന താഴെ വീണതാണ് ‘-സ്വര്‍ണ്ണ ഓര്‍ക്കുന്നു.

അഞ്ച് മാസത്തെ ചികിത്സക്ക് ശേഷമാണ് സ്വര്‍ണ്ണയുടെ ആരോഗ്യം മെച്ചപ്പെട്ടത്. തന്റെ തലക്ക് ഒന്നും സംഭവിക്കാതിരുന്നതാണ് താനിപ്പോള്‍ ജീവിച്ചിരിക്കാന്‍ കാരണമെന്നും സ്വര്‍ണ്ണ പറയുന്നു.

അരങ്ങേറ്റ ചിത്രം ബഡ്ഡിയുടെ റിലീസിങ് വേളയിലായിരുന്നു സ്വര്‍ണ്ണയുടെ അപകടം.

അപകടത്തിലായിരിക്കവേ തന്റെ കുടുംബം ധനസഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന വാര്‍ത്തയും സ്വര്‍ണ്ണ നിഷേധിച്ചു. അതേസമയം ദിലീപും നാദിര്‍ഷയും തങ്ങളുടെ ഇഷ്ടപ്രകാരം സഹായിക്കുകയുമായിരുന്നുവെന്നും സ്വര്‍ണ്ണ പറഞ്ഞു.

തന്റെ ജീവിതത്തിലെ കഴിഞ്ഞ പ്രതിസന്ധിഘട്ടത്തെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും സംസാരിക്കുകയായിരുന്നു സ്വര്‍ണ്ണ.

ആദി ബാലകൃഷ്ണന്റെ പ്രണയകഥ, ഫ്‌ളാറ്റ് നമ്പര്‍ 4ബി, എന്നിവയാണ് സ്വര്‍ണ്ണയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Tagged with: