ന്യൂദല്‍ഹി: സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ പിടികൂടിയ ഇന്ത്യന്‍ കപ്പല്‍തൊഴിലാളികളെ വിട്ടയക്കാനുള്ള സമയപരിധി അവസാനിച്ചു
. ഇവരെ വിട്ടയക്കാന്‍ കൊള്ളക്കാരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ അറിയിച്ചു.

അതിനിടെ തട്ടിയെടുത്തിട്ട് ഏഴുമാസമായിട്ടും കപ്പല്‍ജീവനക്കാരെ മോചിപ്പിക്കുന്നതിനായി കേന്ദ്രം ഒന്നും ചെയ്തില്ലെന്നാരോപിച്ച് പ്രതിപക്ഷം ലോകസഭിയില്‍ നിന്ന് ഇറങ്ങിപ്പോയി. കപ്പല്‍ ഉടമകളുമായി കേന്ദ്രം ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരാണ് കൊള്ളക്കാരുമായി ചര്‍ച്ച നടത്തുന്നതെന്നും കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്.

2010 ആഗസ്റ്റ് രണ്ടിനായിരുന്നു എം.വി സൂയസ് എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ തൊഴിലാളികളെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. കപ്പലില്‍ നാല് പാക്കിസ്ഥാനികളും നാല് ശ്രീലങ്കക്കാരും 11 ഈജിപ്റ്റുകാരും ഉണ്ട്. നാല് മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ ഇവരെ മോചിപ്പിക്കാമെന്നാണ് കൊള്ളക്കാര്‍ പറയുന്നത്.