ന്യൂദല്‍ഹി: തനിക്കെതിരായ കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വി. ജയരാജന്‍ നല്‍കിയ  ഹരജി സുപ്രീംകോടതി തള്ളി. നടപടി സ്റ്റേ ചെയ്യാന്‍ ജയരാജന്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഹരജി തള്ളിയത്.

എന്തും വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച ജയരാജന്‍ എന്തിന് കോടതി നടപടികളെ ഭയപ്പെടുവെന്ന് കോടതി ചോദിച്ചു.

ഒരു കേസില്‍ സാധാരണ പ്രാഥമിക വാദം കേട്ട ശേഷം മാത്രമാണ് നോട്ടീസ് അയയ്ക്കുന്നതെന്നും എന്നാല്‍ തന്റെ കേസില്‍ പ്രാഥമിക വാദം പോലും കേള്‍ക്കാതെ കോടതി നോട്ടീസ് അയയ്ക്കുകയായിരുന്നുവെന്നുമായിരുന്നു ജയരാജന്റെ പ്രധാനവാദം. ഇതിനു പുറമേ തനിക്കെതിരെ നടപടിയെടുക്കാന്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ കോടതി അവസരം നിഷേധിച്ചെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായിരുന്നില്ലെന്നും തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു ഇതെന്നും ജയരാജന്‍ പരാമര്‍ശിച്ചിരുന്നു.