കണ്ണൂര്‍: പോലീസ് റെയ്ഡിനെ നേരിടാന്‍ പാര്‍ട്ടിക്കാര്‍ വീടുകളില്‍ മുളകുവെള്ളം കരുതിവെക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന്‍. തളിപ്പറവ്പ് ഡി.വൈ.എസ്.പി ഓഫീസിലേക്കു സി.പി.ഐ.എം മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. തളിപ്പറമ്പിലെ ഡി.വൈ.എസ്.പിയെയും, എസ്.ഐ.യെയും പോലുള്ള പോലീസുകാര്‍ മുസ്‌ലീം ലീഗിന്റെ അച്ചാരം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന്‍ തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

Subscribe Us:

‘എല്ലാ പാര്‍ട്ടി ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും മുളക് വെള്ളം സൂക്ഷിക്കണം. ഇനി ഇതിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തേണ്ട. മുളക് വെള്ളം ആയുധമല്ല. വീട്ടില്‍ കറിവെയ്ക്കാനുമൊക്കെ ഇത് ആവശ്യമാണ്’ ജയരാജന്‍ പറഞ്ഞു.

അതേസമയം, ടി.പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് അനുവദിച്ച ക്യാമ്പ് ഓഫീസ് അടച്ചുപൂട്ടണമെന്ന് എം.വി ജയരാജന്‍ ഇന്നലെ വടകരയില്‍ പറഞ്ഞിരുന്നു.