കണ്ണൂര്‍: ഗീതയും ഖുര്‍ആനും അടങ്ങുന്ന മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങിയതായി സി.പി.ഐ.എം നേതാവും പരിയാരം മെഡിക്കല്‍ കൊളജ് ചെയര്‍മാനുമായ എം.വി ജയരാജന്‍. ഗീതാവിജ്ഞാനവേദി പയ്യന്നരൂല്‍ സംഘടിപ്പിച്ച പയ്യന്നൂരില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി മുതല്‍ സമാധി വരെയുള്ള 11 ദിവസങ്ങളില്‍ സ്വാമി വിശ്വഭദ്രാനന്ത ശക്തി ബോധി നയിക്കുന്ന ഗീതാസത് സംഗമവും പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

താന്‍ മതഗ്രന്ഥങ്ങള്‍ വായിക്കാന്‍ നിമിത്തമായത് കേസുമായി ബന്ധപ്പെട്ടാണ്. മഹത് വചനങ്ങള്‍ പലരും ക്വോട്ട് ചെയ്‌തെടുക്കുമ്പോള്‍ അത് തിരച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് മഹദ്ഗ്രന്ഥ വായന തുടങ്ങിയത്. മതവും ജാതിയും ഉപജാതിയും ചോദിച്ചാണ് മനുഷ്യന്‍ ഇപ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഒരിക്കലും മതഗ്രന്ഥങ്ങളും മതപ്രവാചകരും മതസങ്കുചിത വാദത്തെ അംഗീകരിച്ചിരുന്നില്ല. യാന്ത്രികമായ ആത്മീയ ഭാവങ്ങളെയും അംഗീകരിച്ചിരുന്നില്ല.

മഞ്ഞ വസ്ത്രം ശ്രീ നാരായണ ഗുരു ധരിച്ചിരുന്നില്ല. അദ്ദേഹം ലളിതമായ ശുഭ്ര വസ്ത്രധാരിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഞ്ഞ വസ്ത്രവല്‍ക്കരണവും കാവി വസ്ത്രവല്‍ക്കരണവും ഒക്കെയാണ് നടക്കുന്നത്. ജാതിയും മതവും വിശ്വാസവും ഫാഷനായും വ്യാപാരമായും അതിനപ്പുറം തീവ്രവാദത്തിനും വേണ്ടി ഉപയോഗിക്കുന്ന തലങ്ങളിലേക്കും നീങ്ങുന്നു. മതഗ്രന്ഥങ്ങളുടെയും മതപ്രവാചകന്മാരുടെയും അര്‍ത്ഥ സമ്പുഷ്ടമായ വ്യാഖ്യാനങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം തിന്മകളെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകന്‍ മുഹമ്മദ് ഷമീമും പ്രഭാഷണം നടത്തി. രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. താഴെക്കാട്ട് മനയില്‍ പരമേശ് തിരുമുമ്പ് പ്രസംഗിച്ചു.