കണ്ണൂര്‍: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെ ഒറ്റപ്പെട്ട സംഭവമെന്ന് വിശേഷിപ്പിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പിന്തുണച്ച് എം.വി ജയരാജന്‍. ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന് അഭിപ്രായപ്പെട്ട ജയരാജന്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞു.

കേസിലെ മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടുമെന്നും ജയരാജന്‍ പറഞ്ഞു. കേസിലെ പ്രതിയായ വിജീഷിന് സി.പി.ഐ.എമ്മുമായി അടുത്ത ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയാവര്‍ത്തിച്ച് ജയരാജന്‍ രംഗത്തെത്തിയത്.

രമേശിന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതി ഏത് ജില്ലക്കാരനാണെങ്കിലും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരെന്ന് കേട്ടാല്‍ ചിലര്‍ ചുവപ്പ് കണ്ട കാളയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

നടിക്കെതിരായ ആക്രമണത്തെ ഒറ്റപ്പെട്ട സംഭവമെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. സി.പി.ഐ നേതാവായ പന്ന്യന്‍ രവീന്ദ്രനും കോടിയേരിയെ വിമര്‍ശിച്ചിരുന്നു.


Also Read: ആര്‍ക്ക് വേണ്ടേലും ഞങ്ങള്‍ക്ക് വേണം ഇവനെ; പൂനെ തഴഞ്ഞെങ്കിലും ധോണിയെ നായകനായി ഝാര്‍ഖണ്ഡ്


നടിക്കെതിരായ ആക്രമണം കോടിയേരി പറഞ്ഞതുപോലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്നുമായിരുന്നു പന്ന്യന്റെ പ്രതികരണം.

സി.പി.എമ്മിന്റെ അംഗീകൃത ഗുണ്ടയാണ് കേസിലെ പ്രതിയായ വിജീഷ് എന്നായിരുന്നു എം.ടി രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംവിധാനവും തിരക്കഥയുമായി അണിയറയിലുള്ളത് ഭരണകക്ഷിയിലെ പ്രമുഖരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാന പ്രതികളിലൊരാളായ വി.പി വിജീഷ് സി.പി.എം നേതാവ് പി.ജയരാജന്റെ അയല്‍വാസിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.