എഡിറ്റര്‍
എഡിറ്റര്‍
ഷുക്കൂര്‍ വധം: പാര്‍ട്ടി കോടതിയെന്ന് പ്രചാരണം നടത്തിയവര്‍ മാപ്പ് പറയണമെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Saturday 25th August 2012 12:29am

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി കോടതിയും എം.എം.എസ് സന്ദേശവും എന്ന വ്യാജ പ്രചരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചവര്‍ മാപ്പുപറയണമെന്ന് സി.പി.ഐ.എം ജില്ലാ ആക്ടിങ് സെക്രട്ടറി എം.വി ജയരാജന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നുണയന്മാരുടെ സി.പി.ഐ.എം വിരുദ്ധ അപവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുറ്റപത്ര സമര്‍പ്പണത്തോടെ തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

പിറവം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസും യു.ഡി.എഫിന്റെ മുഖപത്രമായി പ്രവര്‍ത്തിച്ചിരുന്ന ചില മാധ്യമങ്ങളും നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്ന് പാര്‍ട്ടി കോടതി വിധിപ്രകാരം നടപ്പാക്കിയ കൊലപാതകമെന്ന് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

പോലീസ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിച്ച വിവരമെന്നാണ് മാധ്യമ വാര്‍ത്തയില്‍ വന്നിരുന്നത്. പിറവത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് സമ്പാദിക്കുകയുമായിരുന്നു വ്യാജ വാര്‍ത്ത തയ്യാറാക്കിയ യു.ഡി.എഫിന് വേണ്ടി ക്വട്ടേഷന്‍ എടുത്തുവരുടെ അന്നത്തെ ലക്ഷ്യമെന്നും ജയരാജന്‍ പറഞ്ഞു.

കൊലയാളികളുടെ പാര്‍ട്ടിയാണ് സി.പി.ഐ.എം എന്ന് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചവര്‍ക്ക് ഇത്തരം കല്‍പ്പിത കഥകള്‍ ആവശ്യമാണ്. എഫ്.ഐ.ആര്‍ തയ്യാറാക്കിയത് ലീഗ് പ്രവര്‍ത്തകന്റെ മൊഴി പ്രകാരമാണ്. അതിലൊന്നും പറയാത്ത കാര്യം ലീഗുകാരോ സംഭവ സമയത്തെ സാക്ഷികളോ അല്ലാത്ത ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടണമെങ്കില്‍ ഭരണ-രാഷ്ട്രീയ നേതൃത്വവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൈമാറാതെ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരും, പോലീസും ലീഗ് തീവ്രവാദികള്‍ക്ക് കീഴടങ്ങിയാണ് ഈ കേസില്‍ പ്രവര്‍ത്തിച്ചത്. ചില മാധ്യമങ്ങളുടെ പിന്തുണയുമുണ്ടായി. കമ്പിപ്രയോഗവും മൂന്നാംമുറയുമെല്ലാം ലീഗുകാര്‍ക്ക് വേണ്ടിയായിരുന്നു. ഇരട്ടക്കൊലക്കേസില്‍ പ്രതിയായ ലീഗ് എം.എല്‍.എയെ സംരക്ഷിക്കുകയും സി.പി.ഐ.എം. നേതാക്കളെ വേട്ടയാടുകയുമാണ്. ലീഗുകാര്‍ പ്രതികളായ വധശ്രമക്കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 14 പ്രതികളില്‍ നാലുപേരെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ. 307ാംവകുപ്പു പ്രകാരം ജയിലില്‍ കഴിയുന്ന ലീഗുകാരുടെ ജാമ്യാപേക്ഷ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ വക്കീല്‍, 118ാം വകുപ്പ് പ്രകാരം കേസെടുത്ത പി. ജയരാജന് ജാമ്യം നല്‍കരുതെന്ന് വാദിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

അതിനിടെ, അരിയിലെ മുസ്‌ലീംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണോദ്യോഗസ്ഥന്‍ സി.ഐ യു. പ്രേമനാണ് വ്യാഴാഴ്ച കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 388 പേജുള്ള കുറ്റപത്രത്തിലുള്ള പരിശോധന ഇന്നലെയാണ് നടന്നത്.

സാക്ഷിമൊഴികള്‍, പ്രതികളുടെ ടെലിഫോണ്‍ രേഖകള്‍, തെളിവുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള കുറ്റപത്രത്തിന്റെ പരിശോധന പൂര്‍ത്തിയായി.

കേസില്‍ മൊത്തം 33 പ്രതികളാണുള്ളത്. കെ വി സുമേഷാണ് ഒന്നാംപ്രതി. സി.പി.ഐ.എം ജില്ലാസെക്രട്ടറി പി ജയരാജന്‍ 32ാം പ്രതിയും ടി.വി രാജേഷ് എം.എല്‍.എ 33ാം പ്രതിയുമാണ്. നാലുപേരെ അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ പിടികൂടി പ്രത്യേക കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകം, ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

സി.പി.ഐ.എം  അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി വേണു 30ാം പ്രതിയും എ.വി ബാബു 31ാം പ്രതിയുമാണ്. ഒന്ന് മുതല്‍ ആറുവരെ പ്രതികള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Advertisement