കണ്ണൂര്‍: എസ്.എഫ്.ഐ സമരത്തിനു നേരെ വെടിവച്ച കെ.രാധാകൃഷ്ണ പിള്ളയെ പോലീസ് യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലണമെന്ന് സി.പി.ഐ.എം നേതാവ് എം.വി ജയരാജന്‍. യുണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ള സാധാരണ പൗരനാണ്. നിങ്ങളും ഞാനും അയാളും സാധാരണ പൗരനാണ്. അയാളെ തെരുവിലിട്ട് തല്ലണമെന്നാണ് ജയരാജന്‍ പറഞ്ഞത്. രാധാകൃഷ്ണ പിള്ളയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിഫോമില്ലെങ്കില്‍ തല്ലുന്നതില്‍ ഭയം വേണ്ട. കാക്കിക്കുള്ളിലെ ഖദര്‍ധാരികളായി പോലീസ് ഉദ്യോഗസ്ഥര്‍ മാറരുത്. പോലീസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ഥികള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു.

Subscribe Us:

കണ്ണൂരില്‍ രാധാകൃഷ്ണപിള്ള മോഡല്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അടിച്ചൊതുക്കുമെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും ജയരാജന്‍ താക്കീത് നല്‍കി. കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിയെപ്പോലെയാണു കണ്ണൂര്‍ പോലീസ് മേധാവി പെരുമാറുന്നത്. ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ രാജാവിന്റെ പിന്തുണയുണ്ടായാലും ജനത്തിന്റെ തല്ലുകിട്ടുമെന്നോര്‍ത്തോളണമെന്നും അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭയില്‍ വനിതാ സ്റ്റാഫിനു മുന്‍പില്‍ മുണ്ടഴിച്ച മന്ത്രി കെ.പി. മോഹനനെതിരെ നടപടി വേണം. മോഹനന്‍ മുണ്ടഴിച്ചു വിശ്വരൂപം കാണിച്ചപ്പോള്‍ പി.ടി. ഉഷയുടെ വേഗത്തിലാണു വനിതാ മെമ്പര്‍മാര്‍ ഓടിയത്. നിര്‍മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും ജയരാജന്‍ ആരോപിച്ചു.