എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍ നഗര്‍: നഷ്ടപരിഹാരം മുസ്ലീം വിഭാഗത്തിന് മാത്രമായി നല്‍കരുതെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Thursday 21st November 2013 11:39pm

supreme-court-new

ന്യൂദല്‍ഹി: മുസാഫര്‍ നഗര്‍ കലാപത്തിന്റെ ഇരകളായ മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവ്.

ഒരു വിഭാഗത്തിന് മാത്രം നഷ്ടപരിഹാരം നല്‍കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും കോടതി പറഞ്ഞു.

കലാപത്തിനിരയായ മുസ്ലിം കുടുംബത്തിന് 5 ലക്ഷം രൂപ വീതം മൊത്തം 90 കോടിയുടെ നഷ്ടപരിഹാരം നല്‍കാനായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പരാതി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഒരു വിഭാഗത്തിന് മാത്രം നഷ്ടപരിഹാരം നല്‍കുന്നത് ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി കലാപത്തിനിരയായ എല്ലാ സമുദായങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

ഇത് സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അപാകത സംഭവിച്ചതാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിഴവില്‍ ഖേദം പ്രകടിപ്പിച്ച സര്‍ക്കാര്‍ അപാകത പരിഹരിച്ച്് പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും കോടതിയെ അറിയിച്ചു.

കലാപത്തെ കുറിച്ചുള്ള അന്വേഷണം സംസ്ഥാന പോലീസില്‍ നിന്ന് മാറ്റി സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു.

Advertisement