എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശിലെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മുസഫര്‍നഗര്‍ കലാപത്തിലെ പ്രതികള്‍
എഡിറ്റര്‍
Friday 28th March 2014 8:45am

muzafarnagar

മുസഫര്‍നഗര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍തഥികളില്‍ അഞ്ച് പേര്‍ മുസഫര്‍നഗര്‍ കലാപത്തിലെ പ്രതികള്‍. മുസാഫര്‍നഗറില്‍ നിന്ന് മത്സരിയ്ക്കുന്ന സഞ്ജീവ് ബലിയാന്‍, ബിജനൂറിലെ  സ്ഥാനാര്‍ഥി ഭരതേന്ദു സിങ്, കയ്‌റാന മണ്ഡലത്തില്‍ നിന്ന് മത്സരിയ്ക്കുന്ന ഹുക്കും സിങ് എന്നിവര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ്.

ബി.എസ്.പിയുടെ സ്ഥാനാര്‍ത്ഥി മുസാഫര്‍നഗര്‍ മണ്ഡലത്തില്‍ നിന്ന് കാതിര്‍ റാണ, ആര്‍.എല്‍.ഡിയുടെ അമോറയിലെ സ്ഥാനാര്‍ഥി ചൗധരി രാകേഷ് ടിക്കായത് എന്നിവരും മുസഫര്‍ കലാപത്തിലെ പ്രതികളാണ്.

വര്‍ഗീയവികാരം ഇളക്കി വിടുംവിധം പ്രസംഗങ്ങള്‍ നടത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അതിനിടെ മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതികാളായ 800ഓളം പേരെ ഇനിയും പിടികൂടാനായിട്ടില്ലെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 390 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരുന്നത്. 75 പേര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. 804 പേരെയാണ് ഇനിയും പിടികൂടാനുള്ളത്.

കൂട്ടമാനംഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരെയാണ് ഇനിയും പിടികൂടാനുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ അഡീഷനല്‍ സൂപ്രണ്ട് മനോജ് ഝാ പറഞ്ഞു. കലാപത്തിനിടെയുണ്ടായ ആറ് കൂട്ടമാനഭംഗക്കേസുകളില്‍ 24 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ഇതില്‍ രണ്ടുപേരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും ഝാ അറിയിച്ചു.

ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ട അഞ്ച് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് പിടികൂടാനുള്ളവരില്‍ ഭൂരിഭാഗവുമെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ഒരു സ്ത്രീ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട കുത്ബ ഗ്രാമത്തില്‍ 56 പ്രതികളില്‍ മൂന്നുപേരെ മാത്രമേ ഇപ്പോഴും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ.

പ്രാദേശിക എതിര്‍പ്പിനത്തെുടര്‍ന്നാണ് മുസഫര്‍നഗര്‍ കലാപത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നാണ് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ന്യായം തള്ളിക്കളഞ്ഞ സുപ്രീംകോടതി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു.

മുസഫര്‍നഗര്‍ കലാപത്തില്‍ നിലവിലെ അന്വേഷണം ടുര്‍ന്നാല്‍ മതിയെന്നും സി.ബി.ഐയുടെ മറ്റ് ഏജന്‍ലികളുടെയോ അന്വേഷണത്തിനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞിരുന്നു. അതേ സമയം കലാപം തടയുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വീഴ്ച പറ്റിയെന്നും കോടതി വിമര്‍ശിച്ചിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ കലാപത്തില്‍ 60ഓളം പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു.

Advertisement