എഡിറ്റര്‍
എഡിറ്റര്‍
പോലീസ് 13 സ്ത്രീകളെ മാനഭംഗപ്പെടുത്തി, നിരവധി പേരെ നഗ്നരാക്കി ഷോക്കടിപ്പിച്ചു: വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി
എഡിറ്റര്‍
Saturday 7th April 2012 3:07pm

ബംഗളൂരു: വനംകൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാന്‍ നിയോഗിച്ച പ്രത്യേക ദൗത്യ സേന നടത്തിയ ക്രൂരതകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് വീരപ്പന്റെ വിധവ മുത്തുലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പട്ടികവര്‍ഗ സ്ത്രീകള്‍ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് നടന്നത്. ദൗത്യ സേനയുടെ ഉപമേധാവിയായിരുന്ന ശങ്കര്‍ ബിദ്രിയായിരുന്നു അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബിദ്രി മനുഷ്യത്വമില്ലാത്തയാളും ക്രൂരനുമാണ്. കര്‍ണാടക ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട കോടതി വിധി പ്രഖ്യാപനത്തിനിടെ, ശങ്കര്‍ ബിദ്രി സദ്ദാം ഹുസൈനേക്കാളും ഖദ്ദാഫിയേക്കാളും ക്രൂരനാണെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വീരപ്പന്റെ വിധവ സി.ബി.ഐ അന്വേഷണ ആവശ്യവുമായി രംഗത്തെത്തിയത്.

‘വീരപ്പന്‍ വേട്ടയുടെ പേരില്‍ പട്ടികവര്‍ഗ കോളനികളില്‍ എത്തിയ ദൗത്യസേന 13ലേറെ യുവതികളെ മാനഭംഗപ്പെടുത്തി. നിരവധി പേരെ നഗ്‌നരാക്കി ഷോക്കടിപ്പിച്ചു. കണ്ണുകെട്ടി പല രഹസ്യകേന്ദ്രങ്ങളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഞാനടക്കം ഇരുപതിലേറെ സ്ത്രീകളെ ചോദ്യംചെയ്യലിന്റെ പേരില്‍ കടുത്ത രീതിയില്‍ ഭേദ്യംചെയ്തു. എന്റെ താലി പൊലീസുകാര്‍ വലിച്ചുപൊട്ടിച്ചു.

ജീവനെ പേടിച്ചാണ് ഇക്കാര്യം തുറന്നുപറയാന്‍ താനടക്കം പലരും തയാറാകാതിരുന്നത്. പൊലീസ് അതിക്രമങ്ങളെപ്പറ്റി അന്വേഷിച്ച സദാശിവ കമീഷന്‍ മുമ്പാകെ തെളിവ് നല്‍കാന്‍, തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിലായിരുന്നതിനാല്‍ സാധിച്ചില്ല’ മുത്തുലക്ഷ്മി പറഞ്ഞു.

2004ലാണ് ദൗത്യസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെട്ടത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മുത്തുലക്ഷ്മിക്കെതിരെ കര്‍ണാടക പൊലീസ് അഞ്ചു കേസെടുത്തിരുന്നുവെങ്കിലും തെളിവില്ലാത്തതിനാല്‍ വെറുതെവിട്ടു. അതേസമയം, അഞ്ചു മാസമായി തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് ശങ്കര്‍ ബിദ്രി വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.

Advertisement