എഡിറ്റര്‍
എഡിറ്റര്‍
മണപ്പുറത്തിന് പിന്നാലെ മുത്തൂറ്റിനും വിലക്ക്; കമ്പനി ഡെപ്പോസിറ്റ് സ്വീകരിക്കരുതെന്ന് ആര്‍.ബി.ഐ
എഡിറ്റര്‍
Saturday 31st March 2012 10:18am

മുംബൈ : പൊതുജനങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കുന്നതിന് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് റിസര്‍വ് ബാങ്കിന്റെ വിലക്ക്. മുത്തൂറ്റ് എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന ഉപകമ്പനിയുടെ പേരില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ശാഖകളില്‍ നിക്ഷേപം സ്വീകരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

മുത്തൂറ്റ് എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെയോ മറ്റ് ഏതെങ്കിലും കമ്പനികളുടേയോ പേരില്‍ നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

‘ മൂത്തൂറ്റ് എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഡെപ്പോസിറ്റ് സ്വീകരിക്കുന്നത് തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കമ്പനിയില്‍ പണം നിക്ഷേപിക്കുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ നിക്ഷേപിക്കുക’  റിസര്‍വ്വ് ബാങ്ക് പത്രക്കുറിപ്പില്‍ പറയുന്നു.

വര്‍ഷങ്ങളായി സ്വര്‍ണപണയത്തിന്‍മേല്‍ പണം കൊടുക്കുന്ന സ്ഥാപനമാണിത്. റിസര്‍വ്വ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി കമ്പനിക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്. നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന വന്‍ലാഭം നിരവധിപേരെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ ഉള്‍പ്പെടെ ഇവിടെയാണ് നിക്ഷേപിക്കുന്നത്.  ഈ കമ്പനികള്‍ വന്‍തോതില്‍ വളരാന്‍ ഇത് കാരണമായി. ഈ കമ്പനികള്‍ ബാങ്കുകളില്‍ നിന്നും ഫണ്ടുകള്‍ വാങ്ങുകയും ബോണ്ടുകള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. അതിനാലാണ് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ശക്തമാക്കുന്നത്.

റിസര്‍വ് ബാങ്ക് നിര്‍ദേശം മാനിച്ച് മുത്തൂറ്റ് എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഇനി മുതല്‍ നിക്ഷേപം സ്വീകരിക്കില്ലെന്ന്  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷിതമായ കടപത്രങ്ങള്‍ സ്വീകരിക്കുന്നതിന് റിസര്‍വ്വ് ബാങ്കിന്റെ വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ മണപ്പുറം ഫിനാന്‍സിനെതിരെയും സമാനമായ വിലക്ക് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിരുന്നു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പൊതുനിക്ഷേപം (പബ്ലിക് ഡെപ്പോസിറ്റ്) സ്വീകരിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമെന്നും ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെയും (എന്‍.സി.ഡി.) സബോര്‍ഡിനേറ്റ് ബോര്‍ഡുകളിലൂടെയും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് നിയമപരമായ തടസങ്ങളില്ലെന്നുമാണ് മണപ്പുറം മാനേജിങ് ഡയറക്ടര്‍ ഐ. ഉണ്ണികൃഷ്ണന്‍ ആ സമയത്ത് പറഞ്ഞത്.

സ്വര്‍ണപണയത്തിന്റെ കാര്യത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച കര്‍ശനനിര്‍ദ്ദേശങ്ങള്‍ മണപ്പുറം ഫിനാന്‍സിനും മുത്തൂറ്റ് ഫിനാന്‍സിനും കനത്ത തിരിച്ചടിയാവുകയാണ്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പുറമേ ഇത്തരം സ്ഥാപനങ്ങള്‍ സ്വര്‍ണ പണയത്തില്‍ നല്‍കുന്ന വായ്പയ്ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

ഇനി മുതല്‍ പണയം വെയ്ക്കുന്ന സ്വര്‍ണത്തിന്റെ 60 ശതമാനം മാത്രമേ വായ്പയായി അനുവദിക്കാനാവൂ. ഇത് പരമാവധിയായതിനാല്‍ കമ്പനികള്‍ക്ക് അതിലും താഴെയുള്ള ഏതെങ്കിലും ഒരു നിരക്ക് നിശ്ചയിക്കേണ്ടി വരും. കൂടാതെ സ്വര്‍ണ നാണയങ്ങളും സ്വര്‍ണബാറുകളും പണയത്തിനെടുക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് മുത്തൂറ്റും മണപ്പുറവും അദ്ഭുതകരമായ വളര്‍ച്ചയാണ് സ്വന്തമാക്കിയത്. ബാങ്കിങ് മേഖലയ്ക്കും ചെറുകിട നിക്ഷേപകര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ വളര്‍ച്ച കൊണ്ടുണ്ടായിട്ടുള്ളത്.

Malayalam News

Kerala News In English

Advertisement