ട്രിപ്പോളി: ലിബിയന്‍ മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ മുത്താസിം ഗദ്ദാഫി വിമതസേനയുടെ പിടിയില്‍. വിമതരുടെ മുന്നേറ്റത്തിനിടെ സിര്‍ത്തില്‍ നിന്നു കുടുംബത്തോടൊപ്പം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് മുത്താസിം പിടിയിലായത്. മുത്താസിം വിമതരുടെ പിടിയിലായത് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വാര്‍ത്ത ഗദ്ദാഫി സേന സ്ഥിരീകരിച്ചിട്ടില്ല.

ഗദ്ദാഫിയുടെ ജന്മസ്ഥലമായ സിര്‍ത്തില്‍ ആണ് മുത്താസിം (34) പിടിയിലായത്. ഇദ്ദേഹത്തെ ബെന്‍ഗാസിയിലേക്കു കൊണ്ടു പോയെന്ന് വിമതസേനയുടെ സംഘടനയായ ദേശീയ പരിവര്‍ത്തിത സമിതി അറിയിച്ചു. ഗദ്ദാഫി ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും ഉപദേഷ്ടാവുമായിരുന്നു മുത്താസിം.

Subscribe Us:

ലിബിയയിലെ സുപ്രധാന നഗരങ്ങളെല്ലാം പൂര്‍ണമായും ഇതിനോടകം വിമതരുടെ പിടിയിലായി കഴിഞ്ഞു. സിര്‍ത്തില്‍ ഗദ്ദാഫി വിരുദ്ധ സേന പോരാട്ടം തുടരുകയാണ്. സിര്‍ത്തിലെ പ്രധാന ആശുപത്രി സേന പിടിച്ചെടുത്തു. എന്നാല്‍ നഗരം പൂര്‍ണമായും വിമതരുടെ നിയന്ത്രണത്തിലായിട്ടില്ല.