ലാലു

താഇഫ്: നീണ്ട പതിനേഴു വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ സമ്പാദ്യമായി ലഭിച്ച മാറാരോഗങ്ങളുമായി വെറുംകൈയ്യോടെ നാട്ടിലേക്ക് തിരിച്ച ഹതഭാഗ്യന്റെ കദനകഥ ഹൃദയമുള്ളവരെ ദുഃഖത്തിലാഴ്ത്തുന്നു.

താജഫില്‍ ഒരു തുണിക്കടയില്‍ തുച്ഛമായ ശമ്പളത്തിനുജോലിചെയ്തിരുന്ന പാലക്കാട് പനമണ്ണ അമ്പലവട്ടം സ്വദേശി കുരിക്കാട്ടില്‍ മുഹമ്മദ് മുസ്തഫയാണ് ഒന്നിനുപുറകേ മറ്റൊന്നായുള്ള രോഗം കാരണം ജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ കഴിയാതെ നരകിക്കുന്നത്.

അവ്യക്ത രോഗം കാരണം തളര്‍ന്നു കിടക്കുന്ന മൂത്തമകനും ഭാര്യയും മറ്റു രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായ മുസ്തഫ 2001മുതല്‍ പത്തുവര്‍ഷമായി നിരന്തര ചികിത്സയിലാണ്. 2001ല്‍ തലയ്ക്കു മേജര്‍ ഓപ്പറേഷനു വിധേയനായ മുസ്തഫ 2006ല്‍ വീണ്ടും ഈ ഓപ്പറേഷനു വിധേയനായിരുന്നു. തലയ്ക്ക് രണ്ട് ഓപ്പറേഷനുകള്‍ നടത്തയതിനാല്‍ കര്‍ശനമായ ചികിത്സയും ചിട്ടയും ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു എങ്കിലും കുടുംബത്തിന്റെ ബാധ്യത ഓര്‍ത്ത് തിരിച്ചു സൗദിയില്‍ വരികയായിരുന്നു.

മൂന്നുമാസം മുമ്പുണ്ടായ ഒരു ചെറിയ പനിയില്‍ തുടങ്ങിയ രോഗം വീണ്ടും മുസ്തഫയെ പിന്തുടരുകായിയിരുന്നു. തജഫിലെ വിവിധ ആശുപത്രികളില്‍ പലവിധ ചികിത്സകളും നടത്തിയെങ്കിലും രോഗം മൂര്‍ച്ചിക്കുകയും തുടര്‍ചികിത്സക്ക് നാട്ടിലേക്ക് പോകുവാന്‍ വേണ്ടി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തളര്‍ന്നുവീഴുകയും യാത്രചെയ്യാന്‍ പറ്റാതെ താജഫില്‍ തിരിച്ചെത്തുകയും കിങ് ഫൈസല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

അബോധാവസ്ഥയില്‍ പത്തുദിവസം ഐ.സി.യുവിലും തുടര്‍ന്ന് ആഴ്ചകളോളം വാര്‍ഡിലും കിടന്ന മുസ്തഫയെ തുടര്‍ചികിത്സക്ക് നാട്ടിലെത്തിക്കുവാന്‍ താജഫിലുള്ള അമ്മാവന്‍ ഹംസ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിലെ ഭീമമായ ബില്ല് ഹംസയുടെ പരിചയിക്കാരനായ ആശുപത്രിജീവനക്കാരന്‍ ഇടപെട്ട് 12,000 റിയാലായി കുറച്ചുകൊടുത്തു. പ്രസ്തുത സംഖ്യയില്‍ സ്‌പോണ്‍സര്‍ മൂവായിരം റിയാല്‍ കൊടുത്തതും കഴിച്ചു ബാക്കി സംഖ്യ ഹംസ പലരില്‍ നിന്നുമായി സംഘടിപ്പിച്ചാണ് ആശുപത്രി ബില്ലടച്ചത്. നാട്ടിലെത്തിക്കാനുള്ള ടിക്കറ്റ് സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ചു നല്‍കി. ഇപ്പോള്‍ നാട്ടിലുള്ള മുസ്തഫയെ തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭീമമായ സംഖ്യ ചികിത്സക്ക് ആവശ്യമാണ്. അതോടൊപ്പം തളര്‍ന്നു കിടക്കുന്ന മകന്റെ ചികിത്സയും കുടുംബത്തിന്റെ നിത്യചിലവുകളും മുസ്തഫയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്.

ഹതഭാഗ്യനായ ഈ പ്രവാസിയുടം കദനകഥ മനസ്സിലാക്കിയ തായിഫിലെ സാമൂഹ്യസംഘടനകള്‍ യോജിച്ചുകൊണ്ട് സംയുക്ത സഹായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. മുസ്തഫയെ ദീര്‍ഘകാലം ചികിത്സിച്ച ഡോ.ഷമീര്‍ കണ്‍വീനറും കടയ്ക്കല്‍ ഷാനവാസ് ചെയര്‍മാനും, ഇ കുഞ്ഞിമൂസ ട്രഷററുമായി രൂപീകരിച്ച കമ്മിറ്റിയില്‍, ഒ.ഐ.സി.സിയെ പ്രതിനിധീകരിച്ച് അബ്ദുല്‍ സലീം ചക്കുവണി, കെ.എം.സി.സി സലാം, കണ്ണൂര്‍ മുസ്‌ലീം ജമാ അത്ത്ജമാല്‍ വട്ടപ്പൊയില്‍, നവോദയസലിം പെരുവണ്ണ, സാന്ത്വനംരാജേന്ദ്രപ്രസാദ്, എസ്.വൈ.എസ്ആര്‍ തല്‍ഹത്, ഫ്രട്ടേണിറ്റി നൗഷാദ് മൗലവി, കെ.ഐ.ജിഷെരീഫ്, ഇസ്‌ലാഹി സെന്റെര്‍സാലിഹ്, വെല്‍ഫയര്‍ഹനീഫ് മഞ്ചേശ്വരം, എന്നിവരെ എക്‌സിക്യുട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ നമ്പരില്‍ ബന്ധപ്പെടുക
ഡോ.ഷെമീര്‍ 0508580134
കടക്കല്‍ ഷാനവാസ് 0508698909
ഇ.കുഞ്ഞിമൂസ 0532256506