ട്രിപ്പോളി: ലിബിയന്‍ വിദേശകാര്യമന്ത്രി മൂസ കൂസ സ്ഥാനമൊഴിഞ്ഞ് യു.എസിന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടുണീഷ്യയില്‍ നിന്നു മൂസ കൂസ ബ്രിട്ടനിലെ ഫാന്‍ബര്‍ഗ് വിമാനത്താവളത്തില്‍ എത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വിദേശകാര്യ പ്രതിനിധികളുമായി അദ്ദേഹം സംസാരിച്ചുവെന്നും ഇതിനിടെയാണ് രാജിപ്രഖ്യാപനം നടത്തിയതെന്നും അധികൃതര്‍ പറയുന്നു. ഗദ്ദാഫി ഭരണകൂടത്തിലെ മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളാണ് മൂസ കൂസ.

കലാപത്തിന്റെ പ്രാരംഭഘട്ടത്തില്‍ അമേരിക്കയെയും ബ്രിട്ടനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങളാണ് ലിബിയന്‍ കലാപത്തിന്റെ പിന്നിലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

മൂസ കൂസ രാജിവച്ചെന്ന ഊഹാപോഹങ്ങള്‍ സര്‍ക്കാര്‍ വക്താവ് നേരത്തെ നിഷേധിച്ചിരുന്നു. ഔദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം യാത്രതിരിച്ചതെന്നാണ് സര്‍ക്കാര്‍ വക്താവ് മൂസ ഇബ്രാഹിം പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.

അതേ സമയം ബിന്‍ ജവാഡും റാസ് ലനൂസ് വിമതരുടെ കൈയ്യില്‍ നിന്നും ഗദ്ദാഫി സേന തിരിച്ചെടുത്തു. ബുധനാഴ്ചയുണ്ടായ ശക്തമായ ആക്രമണത്തിനൊടുവില്‍ വിമത സൈന്യം ഗദ്ദാഫി സേനയ്ക്കുമുമ്പില്‍ കീഴടങ്ങുകയായിരുന്നു.