16കോടിയോളം മുസ്‌ലീങ്ങള്‍ ജീവിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇവിടെയുള്ള ഏകദേശം 6.5കോടി മുസ്‌ലീം ജനങ്ങള്‍ക്ക് എഴുതാനോ വായിക്കാനോ അറിയില്ല. വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇവര്‍ പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയിലെ ഈ പിന്നോട്ട് പോക്കിന് പല കാരണങ്ങളുമുണ്ട്. പ്രധാന കാരണം സാമ്പത്തികമായ ബുദ്ധിമുട്ടുകളാണ്. ഇന്ത്യയില്‍ കേരളത്തിലെ മുസ്‌ലീങ്ങളാണ് ഭേദപ്പെട്ട രീതിയില്‍ കഴിയുന്നത്. മറ്റെല്ലായിടങ്ങളിലും താമസിക്കാന്‍ വേണ്ടത്ര സൗകര്യമോ, വിശപ്പടക്കാന്‍ ആഹാരമോ ലഭിക്കാതെ അലയുന്നവരാണ്. ഇവരെ സംബന്ധിച്ചിടത്തോളം മക്കളെ പഠിപ്പിക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്.

ചിലര്‍ പഠിപ്പിക്കാന്‍ തയ്യറായാല്‍ തന്നെ അത് തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് പുറമേ, ചില പിന്നോക്ക ചിന്താഗതിയും വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും ഇവരെ വിലക്കുന്നു.

മദ്രസ വിദ്യാഭ്യാസം ഇവരില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ചെറിയൊരു ശതമാനം മാത്രമേ ഇതിന്റെ ഗുണഭോക്താക്കളാവുന്നുള്ളൂ. ഇവര്‍ക്കുതന്നെ ലഭിക്കുന്നത് ശരിയായ രീതിയിലുള്ള മദ്രസാവിദ്യാഭ്യാസമാകണമെന്നില്ല.

ഇങ്ങനെ ഇന്ത്യയിലെ മുസ് ലീങ്ങള്‍ അനുഭവിക്കുന്ന വിദ്യാഭ്യാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ ഡോക്യുമെന്ററിയിലൂടെ നടത്തിയിട്ടുള്ളത്. ആമര്‍ ത്രബു എന്ന വിദ്യാര്‍ത്ഥിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.