എഡിറ്റര്‍
എഡിറ്റര്‍
ദളിതനെ വി.സിയാക്കണം: സംവരണ അട്ടിമറിക്കെതിരെ യൂത്ത്‌ലീഗ് പ്രക്ഷോഭത്തിന്
എഡിറ്റര്‍
Thursday 15th November 2012 12:45am

തിരുവനന്തപുരം: സര്‍വകശാലകളിലെ സംവരണ അട്ടിമറിക്കെതിരെയും ദളിത് വിഭാഗത്തില്‍പെട്ടയാളെ വൈസ് ചാന്‍സലറായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭത്തിലേക്ക്.

Ads By Google

ഇന്നലെ തലസ്ഥാനത്ത് ചേര്‍ന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം. ഈ ആവശ്യം നടപ്പാക്കുന്നതിന് യൂത്ത് ലീഗ് ഏതറ്റം വരെയും പോകുമെന്നും സര്‍വകലാശാലകളില്‍ നടക്കുന്ന സംവരണഅട്ടിമറി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും  യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിയും, ജനറല്‍ സെക്രട്ടറി സി.കെ സുബൈറും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കേരള സര്‍വകലാശാലയില്‍ നടക്കുന്ന സംവരണഅട്ടിമറിക്കെതിരെ യൂത്ത്‌ലീഗ് ശക്തമായി രംഗത്തിറങ്ങും. മഹാത്മാഗാന്ധി സര്‍വകാലാശാലയിലെയും കേരള സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരാണ് വിരമിക്കുന്നത്. ഈ ഒഴിവുകളിലൊന്നിലേക്ക്  ദളിത് വിഭാഗത്തില്‍പെട്ട ഒരാളെ നിയമിക്കണമെന്ന് യൂത്ത് ലീഗ് സര്‍ക്കാറിനോട് ശക്തമായി ആവശ്യപ്പടുകയാണ്.

സര്‍വകലാശാല സ്റ്റാറ്റിയൂട്ടറി പദവികളില്‍ സാമുഹികനീതി ഒട്ടും നടപ്പിലാക്കിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ പല തവണ അധികാരത്തിലെത്തിയിട്ടും ദളിത് വിഭാഗത്തില്‍ നിന്നും ഒരാളെ  വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ കഴിയായത്തത്. നവോത്ഥാന മുന്നേറ്റം നടന്ന കേരളത്തിലാണ് ഇത്  നടന്നതെന്ന കാര്യം നാണക്കേടുണ്ടാക്കുന്നതാണ്. സാമൂദായിക സംവരണത്തെ അട്ടിമറിക്കുന്നവര്‍ ആരായാലും അവരെ ഉന്നത സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ പാടില്ലെന്നും യൂത്ത് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിറവേറ്റുന്നതില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലെ ഉന്നതങ്ങളായ 49 സ്ഥാനങ്ങളിലും മുന്നോക്ക സമുദായത്തില്‍ പെട്ടവരാണ്. സമീപകാലത്തെ നിയമനങ്ങളിലെല്ലാം സംവരണ അട്ടിമറി നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുള്ളത്.

അധ്യാപക സംവരണത്തില്‍ സംവരണതത്വം പാലിക്കേണ്ടതില്ലെന്ന ഫയലില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍ലര്‍ ഒപ്പിട്ടത് നീതീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന് കൂട്ടുത്തരവാദിത്വമുണ്ട്. ചില കാര്യങ്ങളില്‍ മാത്രം  മുസ്‌ലിം ലീഗിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. വിദ്യാഭ്യാസവകുപ്പിനെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതും അംഗീകരിക്കാനാവില്ല.

ബാഹ്യശക്തികള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് തടയണം. സര്‍വകലാശാലകളിലെ സംവരണ അട്ടിമറിയിലൂടെ വ്യക്തമാകുന്നത് അതാണ്. ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയാല്‍ സാമുദായിക സന്തുലനം തകരുമെന്ന പ്രചരണം നടത്തിയവരും ഇതിന് പിന്നിലുണ്ട്. മുസ്‌ലിം ലീഗ് ഒരു ന്യൂനപക്ഷ രാഷ്ട്രീയപാര്‍ട്ടിയാണ്.

മറ്റ് വിഭാഗങ്ങളുടെ താത്പര്യം കൂടി പാര്‍ട്ടിക്ക് പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ലീഗ് രൂക്ഷമായി അഭിപ്രായം പറയാത്തത്. ഇത് വിട്ടുവീഴ്ചയായി കണക്കാക്കിയാല്‍ മതി.  സമീപകാലത്ത് ലീഗിനെതിരെ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ലീഗിനെ നിരായുധരാക്കി നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണ്.

ഇത് ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ഇതിനെ യൂത്ത്‌ലീഗ് പ്രതിരോധിക്കും. സാമൂഹിക നീതിക്ക് എക്കാലവും നിലകൊള്ളുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗും പോഷക സംഘടനകളും. അന്യസമുദായത്തിലുള്ളവരുടെ ഒരു അവകാശവും ലീഗ് പിടിച്ചു വാങ്ങിയിട്ടില്ല. ഇനി വാങ്ങുകയുമില്ല. അതേ സമയം ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ എല്ലാ അവകാശങ്ങളും ലഭിച്ചേ തീരു എന്നാണ് ലീഗിന്റെ നിലപാടെന്നും നേതാക്കള്‍ പറഞ്ഞു.

Advertisement