സ്ത്രീകളെ അടിമകളാക്കി മാറ്റാനായി മുംസ്‌ലീം വ്യക്തിനിയമങ്ങള്‍ വളച്ചൊടിക്കുന്നതിനെതിരെ ഒരു കൂട്ടം മുസ്‌ലീം സ്ത്രീകള്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന ഇസ്‌ലാം മതനിയമങ്ങള്‍ തന്നെ മുസ് ലീം സ്ത്രീകളെ അടച്ചുപൂട്ടാന്‍ വേണ്ടി ഉപയോഗിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം. കൂടാതെ സ്ത്രീകളുടെ കാര്യത്തില്‍ മതഗ്രന്ഥങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങളെ ശുദ്ധീകരിക്കാന്‍ സ്വയം കച്ചകെട്ടി ഇറങ്ങാനും ഇവര്‍ തയ്യാറാവുകയാണ്.

ലഖ്‌നൗയിലെ മഹിള നാട്യ കേന്ദ്ര, മുന്‍ പാര്‍ലമെന്റംഗം സുഭാഷിണി അലി, മുംബൈയിലെ ആക്ടിവിസ്റ്റ് നൂര്‍ജഹാന്‍ സഫിയ നിയാസ്, അഹമ്മദാബാദിലെ ആക്ടിവിസ്റ്റുകളുമാണ് ഇതിനെതിരെ ശക്തമായി മുന്നോട്ട് വന്നിട്ടുള്ളത്. മുസ്‌ലീം സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രയോഗിക്കുന്നത് ശരി-അത്ത് നിയമങ്ങളെയാണ്. ഈ നിയമങ്ങള്‍ യഥാര്‍ത്ഥമാണോ എന്ന് പരിശോധിക്കാനുള്ള ശ്രമവും ഇവര്‍ നടത്തുന്നുണ്ട്.

ഈ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന തലാക്ക് സമ്പ്രദായമാണ് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ദോഷകരമായി പ്രയോഗിക്കുന്നത്. തലാക്ക് എന്ന വാക്ക് കൊണ്ട് സ്വന്തം ജീവിതത്തില്‍ നിന്ന് സ്ത്രീയെ നിര്‍ദാഷീണ്യം പുറത്താക്കുന്ന പുരുഷ നിതിയും ഇവരുടെ ലക്ഷ്യങ്ങളിലൊന്നാണ്. തലാക്ക് നിയമത്തെ നിരോധിക്കാന്‍ കടുത്ത സമ്മര്‍ദ്ദമാണ് ഇവരുടെ ഭാഗത്തുനിന്നുള്ളത്. ലഖ്‌നൗവിലെ മുസ്‌ലീം ആന്ദോളന്‍ തലാക്ക് നിയമം നിരോധിക്കുക എന്ന ആവശ്യവുമായി ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്.

ഒരു മാസം മുന്‍പ് പണം വാങ്ങി തലാക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന മൗലാനാ എന്ന മത നേതാവിനെ ഇവര്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ കാരണം ജീവിതം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ആശ്രയം നല്‍കുന്ന ഈ സാമൂഹ്യപ്രവര്‍ത്തകര്‍ ഒരുമിച്ചാണ്.

ചുരുക്കി പറഞ്ഞാല്‍ ഇവരുടെ ആവശ്യം ഇതാണ്. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, മൊറോക്കോ, ടര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ മുസ് ലീം സ്ത്രീകളെ സംബന്ധിച്ച നിയമങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലും ഇത്തരമൊരു നിയമസംഹിത വേണമെന്നാണ്. ഇല്ലാത്ത നിയമങ്ങളുടെ പേരില്‍ വെന്തുരുകാന്‍ ഇന്ത്യയിലെ മുസ് ലീം സ്ത്രീകള്‍ക്ക് ഇനി കഴിയില്ല എന്ന് ഇവര്‍ ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയൊട്ടാകെ ഈ ആവേശം പടര്‍ത്താനുള്ള ശ്രമവുമായി മുന്നോട്ടുപോകാനാണ് ഇവരുടെ തീരുമാനം.