എഡിറ്റര്‍
എഡിറ്റര്‍
വ്യക്തിത്വം തെളിയിക്കാന്‍ ഇനി മുതല്‍ ഓസ്‌ട്രേലിയയില്‍ മുസ്ലിം സ്ത്രീകള്‍ ബുര്‍ഖ മാറ്റേണ്ടി വരും
എഡിറ്റര്‍
Friday 1st November 2013 11:43pm

burqa

മെല്‍ബോണ്‍: വ്യക്തിത്വം ബോധ്യപ്പെടാന്‍ ഇനി മുതല്‍ ഓസ്‌ട്രേലിയന്‍ പൊലീസിന് മുസ്ലീം സ്ത്രീകളോട് ബുര്‍ഖ മാറ്റാന്‍ ആവശ്യപ്പെടാം.ഇത് സംബന്ധിച്ച പുതിയ നിയമം രാജ്യത്ത് നിലവില്‍ വന്നു.

മുസ്ലീം, സിഖ് വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാണ്  ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പാസാക്കിയ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.

‘തിരിച്ചറിയലിന്റെ ഭാഗമായി ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെടാന്‍ പൊലീസിന് അധികാരമുണ്ട് എന്നായിരുന്നു ആദ്യനിയമം’ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ ആക്റ്റിങ് പൊലീസ് മന്ത്രിയായ ജോണ്‍ ഡേ പറയുന്നു.

‘എന്നാല്‍ പിന്നീട് മുസ്ലീം, സിഖ് വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ശിരോവസ്ത്രം എന്നത് മുഖാവരണം എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇത് അവരുടെ ആശങ്കകള്‍ അകറ്റാന്‍ സഹായിക്കും.’

അദ്ദേഹം പറയുന്നു, ‘അനുയോജ്യമായൊരു ഒത്തുതീര്‍പ്പാണിതെന്ന് ഞാന്‍ വിചാരിക്കുന്നു.’

സംശയിക്കപ്പെടുന്നവരുടെ ഡി.എന്‍.എ സാമ്പിള്‍ എടുക്കാനും പല്ലിന്റെ അടയാളങ്ങള്‍ ശേഖരിക്കാനും മുടിയുടെ സാമ്പിളുകള്‍ ശേഖരിക്കാനും ഈ നിയമം പൊലീസിന് അധികാരം നല്‍കുന്നു.

‘ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ഇല്ലാതിരിക്കുകയോ, അവരെ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയോ, എനുമതി ചോദിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കുകയോ ചെയ്താല്‍ സംശയിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ സാമ്പിളുകള്‍ ശേഖരിക്കാനുള്ള വാറണ്ടിനായി മജിസ്‌ട്രേറ്റിനെ സമീപിക്കാനും സാധിക്കും.’ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവാദമായ കാര്‍ണിത മാത്യൂസ് കേസ് ഉയര്‍ത്തിയ കോലാഹലങ്ങളെ തുടര്‍ന്നാണ് പുതിയ നിയമത്തിന് രൂപം കൊടുത്തത്.

2010 ജൂണില്‍ തെക്ക്പടിഞ്ഞാറേ സിഡ്‌നിയിലെ വുഡ്ബിനില്‍ കാറോടിച്ച് പോകവേ വാഹനം തടഞ്ഞു നിര്‍ത്തിയ കോണ്‍സ്റ്റബിള്‍ ബലമായി ബുര്‍ഖ നീക്കം ചെയ്യാന്‍ ശ്രമിച്ചു എന്നായിരുന്നു അവര്‍ നല്‍കിയ കേസ്. ഈ ആരോപണം തെറ്റാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കാര്‍ണിത മാത്യൂസിന് ആറ് മാസത്തെ തടവ് വിധിച്ചിരുന്നു.

എന്നാല്‍ ബുര്‍ഖ ധരിച്ചിരുന്നതിനാല്‍ സ്റ്റേററ്‌മെന്റില്‍ ഒപ്പിട്ടതും ശിക്ഷിക്കപ്പെട്ടതും ഒരാള്‍ തന്നെയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ പിന്നീട് കേസ് തള്ളപ്പെട്ടു.

Advertisement