ക്വാലാലംപൂര്‍: തലമുടി വെട്ടിയതിന്റെ പേരില്‍ ടെലിവിഷന്‍ അവതാരികയെ ചാനല്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. മലേഷ്യന്‍ എന്‍ ടിവി സെവന്‍ ന്യൂസിലെ മുസ്ലീം അവതാരികയായ റാസ് അബിദ മുഹമ്മദ് റദ്‌സിയെയാണ് തലമുടി വെട്ടിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

നാഷണല്‍ ക്യാന്‍സര്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ ബോധവത്ക്കരണ ക്യാമ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അബിദയുടെ തലമുടി വെട്ടല്‍ സാഹസം. എന്നാല്‍ ആ സാഹസം ചാനല്‍ അധികൃതര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. മുറിച്ച മുടി മുളച്ചുവന്നതിന് ശേഷം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്നും അല്ല ഇതേ രീതിയില്‍ തന്നെയാണ് ഇനിയും മുടി വെട്ടാന്‍ ഉദ്ദേശിച്ചിരിക്കുന്നതെങ്കില്‍ ചാനലില്‍ നിന്നും പുറത്തുപോകേണ്ടി വരുമെന്നുമാണ് അവര്‍ അറിയിച്ചത്.

” ഒരിക്കലും ഈ രൂപത്തില്‍ അവരെ അംഗീകരിക്കാന്‍ കഴിയില്ല. ചാനല്‍ കാണുന്ന നിരവധി പേരുണ്ട്. പ്രക്ഷകര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒന്നും ചാനലില്‍ കാണിക്കാനാവില്ല”.- ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ വെട്ടിയമുടി വന്നതിനുശേഷം ചാനലിലെ ജോലി തുടരുമെന്നാണ് അബിദ പറയുന്നത്. ‘ഞാന്‍ ഒരു ഉത്തമ മുസ്ലീം ആണ്. മതത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. ഞങ്ങളുടെ മതം ആളുകളെ സഹായിക്കാനും അവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കാനും പറയുന്നുണ്ട്. എന്റെ അച്ഛന്‍ ഒരു ക്യാന്‍സര്‍ രോഗിയായിരുന്നു. എന്റെ അമ്മാവന്‍ ക്യാന്‍സറില്‍ നിന്നും രക്ഷപ്പെട്ടു വന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് തന്നെയാണ്‌ ക്യാന്‍സര്‍ പ്രതിരോധത്തിന് തലമുടി വെട്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്  മാതൃക കാണിച്ചത്.”.- അബിദ പറഞ്ഞു