മാംഗ്ലൂര്‍: ഹിന്ദു യുവാവിനൊപ്പം കാറില്‍ യാത്ര ചെയ്ത മുസ്‌ലീം യുവതിയെ 20 പേര്‍ അടങ്ങിയ സംഘം ആക്രമിച്ചു. ബജ്‌പെയിലെ കര്‍മാര്‍ എന്ന സ്ഥലത്ത് വെച്ചാണ് ആക്രമണം നടന്നത്.

Ads By Google

ദീപ അല്‍ഗാനിയെന്ന 23 കാരിയാണ് ആക്രമണത്തിന് ഇരയായത്. ദീപയെ വെന്‍ലോക് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ ഒരു സംഘം കാറിന് മുന്നില്‍ വന്ന് വാഹനം തടയുകയും കാറില്‍ നിന്നും പിടിച്ചിറക്കി എന്തിനാണ് ഒരു ഹിന്ദുവിന്റെ കൂടെ യാത്ര ചെയ്യുന്നതെന്ന് ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ദീപ പറഞ്ഞു.

അതിനിടെ ചിലര്‍ ഫോണില്‍ ആരെയൊക്കെയോ വിളിക്കുന്നുമുണ്ടായിരുന്നു. തന്നെ ആക്രമിച്ച എല്ലാവരുടെയും മുഖം ഓര്‍മയുണ്ട്. അവരെ തിരിച്ചറിയാന്‍ സാധിക്കും-ദീപ പറഞ്ഞു.

ദീപയുടെ കയ്യിലുണ്ടായിരുന്ന ഫോണും 3.07 ലക്ഷം രൂപയും അക്രമികള്‍ കവര്‍ന്നതായി ദീപയുടെ അമ്മ സുബൈദ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബജ്‌പെയില്‍ ഇവര്‍ ഒരു വീട് വാടയ്‌ക്കെടുത്തത്. അതിന് അടയ്ക്കാനുള്ള പണമാണ് അക്രമികള്‍ കവര്‍ന്നത്.

പുതിയവീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി മാംഗ്ലൂരില്‍ എത്തിയ ഇവര്‍ വീട്ടു സാധനങ്ങള്‍ മുഴുവന്‍ വാങ്ങിച്ചതിന് ശേഷം ഒരുമിച്ചാണ് ഇറങ്ങിയത്. എന്നാല്‍ സുബൈദയുടെ കാറില്‍ നിറയെ സാധനങ്ങള്‍ ആയിരുന്നതിനാല്‍ തന്നെ സുഹൃത്തിന്റെ കാറില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. യാത്രാമദ്ധ്യേയാണ് ദീപയുടെ കാറിനെ അക്രമികള്‍ തടഞ്ഞതെന്നും അക്രമികളെ ഉടന്‍ കണ്ടെത്താന്‍ നടപടിയെടുക്കണമെന്നും സുബൈദ പറഞ്ഞു.