കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ മുസ്‌ലീം പള്ളികളിലും സ്ത്രീകള്‍ക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്ന്  കേരള മുസ്‌ലീം വനിതാ സമ്മേളനം ആവശ്യപ്പെട്ടു.

ഖുര്‍ആനും പ്രവാചകചര്യയും അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മുസ് ലീം സ്ത്രീകളുടെ പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം തടയാന്‍ ആരെയും അനുവദിക്കില്ല.  മാനവികതയുടെ മുദ്രാവാക്യം ഉയര്‍ത്തി യാത്ര നടത്തുന്നവര്‍ പള്ളികളില്‍ മുസ്‌ലീം സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണം. നവോത്ഥാന പ്രസ്ഥാനത്തിന്റ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ തന്നെ മുസ് ലീം സ്ത്രീകള്‍ തൊഴിലെടുക്കുന്നതും മാന്യമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതും മതവിരുദ്ധമാണെന്ന് ഫത്‌വ ഇറക്കുന്നത് ആശങ്കാജനകമാമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാന്യമായ തൊഴില്‍ സാഹചര്യം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണം നടത്തണമെന്നും സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

ഇസ്‌ലാമിക വ്യക്തിത്വവും മാന്യതയും കാത്തുസൂക്ഷിച്ച് തൊഴിലെടുക്കാനും സാമൂഹിക ഇടപെടലുകള്‍ നടത്താനും സാമൂഹിക ഇടപെടലുകള്‍ നടത്താനും ഇസ് ലാം നല്‍കിയ സ്വാതന്ത്ര്യം ആര്‍ക്കുമുന്നിലും അടിയറവയ്ക്കരുതെന്ന് സമ്മേളന ഭാഗമായി നടന്ന ഉദ്യോഗസ്ഥ മഹിളാസമ്മേളനം മുസ്‌ലീം സ്ത്രീകളെ ആഹ്വാനം ചെയ്തു.

സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ച് ജോലിക്ക് അനുസൃതമായ കൂലി നല്‍കണം. ചൂഷണം നിലനില്‍ക്കുന്ന നഴ്‌സിങ് മേഖളയില്‍ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവണം. മദ്യവിരുദ്ധസമരങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടേതായ പങ്ക് വഹിക്കണമെന്നും ആവശ്യപ്പെട്ടു.

സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം ഡോ. ഫൗസിക ചൗധരിയും ഉദ്യോഗസ്ഥ മഹിളാസമ്മേളനം സി.പി ഉമര്‍സുല്ലമിയും ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ആധ്യക്ഷ്യം വഹിച്ചു. ഉച്ചക്ക് നടന്ന ഉദ്യോഗസ്ഥ വനിതാ മഹിളാസമ്മേളനം കെ.എന്‍.എം ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ.സി റോസക്കുട്ടി ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു.

Malayalam News

Kerala News in English